‘ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള മാറ്റമൊക്കെ വേറെ ലെവല്‍’; നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സില്‍
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഇന്നലെ രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് തമിഴ് നാട്ടില്‍ റിലീസ് ചെയ്തപ്പോഴും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍. ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് തീര്‍ച്ഛയായും മിസ് ചെയ്യരുതാത്ത അനുഭവമെന്നാണ് കമന്റുകള്‍ വരുന്നത്. ‘മമ്മൂക്ക, എന്റെ ദൈവമേ! ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ല. കഥയെയും സന്ദര്‍ഭങ്ങളെയും അനുഭവവേദ്യമാക്കുന്നുവെന്നതാണ് മലയാള സിനിമകളിലെ പ്രകടനങ്ങളുടെ സവിശേഷത. തുടക്കത്തിലെ ആ ബസ് യാത്ര എത്ര റിയലിസ്റ്റിക് ആണ്’, നിധിന് എന്ന പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നു. ഇത്തരത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ട്വിറ്ററില്‍ എത്തിയിട്ടുള്ളത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് അയല്‍ സംസ്ഥാനത്തേയ്ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്, സഞ്ജന ദിപു, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.