‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’ മാത്യു ദേവസിയായി മമ്മൂട്ടി ; പോസ്റ്റര്‍ വൈറല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ആരാധകരെയും സിനിമാപ്രേമികളേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയും മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകളുമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ടോര്‍ച്ചാണ് ചിഹ്നം. കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. എന്നാല്‍ സംഭവം ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്ററുകളാണെന്ന് പിന്നീടാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ടോര്‍ച്ചാണ് ചിഹ്നം. കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഇതിനോടകം തന്നെ വാര്‍ഡുകളില്‍ നിരന്നുകഴിഞ്ഞു.
മമ്മൂട്ടിയുടെ ബോര്‍ഡ് കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 29 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിരുന്നത്. ബുധനാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ്. അതിലാണോ മമ്മൂട്ടി മത്സരിക്കുന്നതെന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ ഫ്ളക്സ് ബോര്‍ഡിലെ വാചകങ്ങള്‍ മുഴുവനും വായിച്ചപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ചിത്രം മമ്മൂട്ടിയുടേതാണെങ്കിലും മത്സരിക്കുന്ന ആളുടെ പേര് മാത്യു ദേവസി എന്നായിരുന്നു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയുമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിരന്നിരുന്നത്. മമ്മൂട്ടിയുടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററാണെന്ന് പിന്നീട് ആരാധകര്‍ മനസിലാക്കി.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദ കോര്‍ എന്ന സിനിമയിലേതായിരുന്നു പോസ്റ്റര്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിട്ടന്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ഷ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍.
ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു , ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക്അപ്പ്: അമല്‍ ചന്ദ്രന്, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്ട്ടിന് എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.