താളമേള അകമ്പടിയോടെ ജോസേട്ടന്റെ കൂറ്റൻ കട്ടൗട്ട്; റിലീസിന് മുൻപേ തന്നെ വൻ ആവേശം
മമ്മൂട്ടിയുടെ സിനിമകൾ തിയേറ്ററിൽ വരാൻ പോകുമ്പോൾ തന്നെ പ്രേക്ഷകർക്ക് വൻ ആവേശമാണ്. ഈയിടെയായി അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. നോക്കിയിരിക്കാൻ തോന്നുന്ന അഭിനയ വിസ്മയം എന്ന് വേണമെങ്കിൽ പറയാം. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. ഇന്നും അഭിനയത്തോടുള്ള അഭിനിവേശം കാരണം മമ്മൂട്ടി തന്റെ ഓരോ ചുവടുകളും വയ്ക്കുന്നത് പുതുമകൾക്ക് പുറമെ ആണ്.
മറ്റൊരു സൂപ്പർ താരവും ഏറ്റെടുക്കാത്ത കഥാപാത്രങ്ങളിലൂടെ വരെ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തി. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമയാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ടർബോയുടെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ വൻ ആവേശത്തിലാണ് ആരാധകർ.
റിലീസിനോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചില വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ കട്ടൗട്ട് വയ്ക്കുന്ന ഒരു കൂട്ടം ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. കൊല്ലത്താണ് സംഭവം. മമ്മൂട്ടിയുടെ ടർബോ ലുക്കിലുള്ള കൂറ്റർ കട്ടൗട്ട് വയ്ക്കുന്നത് താളമേള അകമ്പടികളോടെയാണ്. “കട്ടൗട്ട് പോലും പിള്ളേർ കയറ്റുന്നത് ബാൻഡിന്റെ അകമ്പടിയോടെ ആണ്…അപ്പോ റിലീസ് ഡേ ഒന്ന് ഓർത്ത് നോക്ക്..”, എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നത്.
അതേസമയം, മെയ് 23നാണ് ടർബോ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോസ് എന്ന ജീപ്പ് ഡ്രൈവറും അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ടർബോയുടെ പ്രമേയം എന്നാണ് വിവരം.