”ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? എന്റെ സൗഹൃദവും ഭാഗ്യവുമാണ് ഈ നിമിഷം”: മോഹൻലാൽ
മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് കാണുന്നത് തന്നെ മലയാളി പ്രേക്ഷകർക്ക് ഒരാഘോഷമാണ്. ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ ഇവർക്ക് വേണ്ടി മത്സരിക്കുമെങ്കിലും അതിനപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. ഇച്ചാക്ക എന്നേ മോഹൻലാൽ മമ്മൂട്ടിയെ വിളിക്കാറുള്ളൂ. എന്റെ പ്രിയപ്പെട്ട ലാലു എന്ന് തിരിച്ച് മമ്മൂട്ടി മോഹൻലാലിനെ കുറിച്ചും പറയും.
താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകർ വളരെ താൽപര്യത്തോടെയാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ വനിതാ ഫിലിം അവാർഡ്സ് ഷോയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മോഹൻലാലിന്റെയും, തിരിച്ചിങ്ങോട്ട് മോഹൻലാലിന് ഉമ്മ കൊടുക്കുന്ന മമ്മൂട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിംഗ് ആയിരിക്കുന്നത്.
വനിതാ ഫിലിം അവാർഡ്സിൽ മികച്ച നടനുള്ള അവാർഡ് മോഹൻലാൽ മമ്മൂട്ടിക്ക് സമ്മാനിച്ചതിന് ശേഷമാണ്, ‘ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’ എന്ന് ചോദിച്ചു കൊണ്ട് മോഹൻലാൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്നത്. പിന്നാലെ മമ്മൂട്ടിയും ഉമ്മ നൽകുകയായിരുന്നു. അജു വർഗീസ് അടക്കമുള്ള താരങ്ങൾ ഈ ദൃശ്യത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ സുഹൃദവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാർഡ് നൽകിയ ശേഷം മോഹൻലാൽ പ്രതികരിച്ചത്.