“സിനിമ ഇല്ലെങ്കില്‍ എന്‍റെ ശ്വാസം നിന്നു പോകും…” ; മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ
മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും കുഴപ്പത്തിലാകുമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
“സിനിമയോടുള്ളത് സ്നേഹവും പാഷനും ആണ്. സിനിമ അല്ലാതെ വേറെ ഒരു വഴിയും ഞാന്‍ കാണുന്നില്ല. സിനിമ ഇല്ലെങ്കില്‍ എന്‍റെ കാര്യം കുഴപ്പത്തിലാകും. എന്‍റെ ശ്വാസം നിന്നു പോകും. ഞാന്‍ മിഥുന്‍ മാനുവല്‍ തോമസിനെയും വൈശാഖിനെയും വിശ്വാസിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ വിശ്വസിച്ചിട്ടാണ് ഇറങ്ങിയിരിക്കുന്നത്. കാരണം സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ഞാന്‍ ഉള്‍പ്പടെയുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും വിചാരിക്കുന്നതും ഇറങ്ങിത്തിരിക്കുന്നതും. ചിലരുടെ ഊഹങ്ങളൊക്കെ തെറ്റിപ്പോകും. ചിലരുടേത് ശരിയാകും. എല്ലാവര്‍ക്കും എപ്പോഴും എല്ലാം ശരിയാവില്ല. അത്രേ ഉള്ളൂ”, എന്നാണ് മമ്മൂട്ടി പറയുന്നത്.
ടർബോയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. “ടർബോയുടെ കഥ പ്രധാനമായും നടക്കുന്നത് കേരളത്തിൽ അല്ല. ഭൂരിഭാഗവും തമിഴ്നാട്ടിൽ ആണ്. തമാശ എന്ന് പറയാൻ പറ്റില്ല. ഹ്യൂമർ അവിടവിടെ വന്ന് പോകുന്നു. കാരണം അതിനൊന്നും ഈ സിനിമയ്ക്ക് നേരമില്ല. മനുഷ്യന്റെ തലയിൽ തീപിടിച്ച് നിൽക്കുമ്പോൾ തമാശ പറയാൻ സമയം ഉണ്ടാകുമോ. അങ്ങനെയാണ് ജോസ് എന്ന കഥാപാത്രത്തിന്റെ അവസ്ഥ. ജോസ് ഒരു എടുത്തു ചാട്ടക്കാരനായി പോകുന്നത് കൊണ്ട് പറ്റിപ്പോകുന്നതാണ്. അത് ജോസിനെ ഒരു വഴിക്കാക്കുന്നതാണ് സിനിമയുടെ കഥ”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതേസമയം, മെയ് 23നാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മിഥുന്‍ മാനുവല്‍ തോമസിന്‍റേതാണ് തിരക്കഥ. രാജ് ബി ഷെട്ടിയും സുനിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.