‘ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതിന് കാരണം മഹാരാജാസ്’; മമ്മൂട്ടി
ഒരു സാധാരണ സ്കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥിയായിരുന്നു താന്‍. ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് കാരണം മഹാരാജാസ് കോളേജ് ആണെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മഹാരാജാസില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം ഉണ്ടായിട്ടില്ല. താന്‍ എല്ലാ സംഘങ്ങള്‍ക്കും ഒപ്പം ചേരുമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ന് കോളേജില്‍ ഉള്ള കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള് അന്ന് കലാലയത്തില്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍മ്മിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മഹാരാജാസ് കോളേജിലെ സഹപാഠി കെ. പി. തോമസിന്റെ ചിത്ര പ്രദര്‍ശനം മട്ടാഞ്ചേരി നിര്‍വാണ ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ വാക്കുകള്‍…
‘ഞാന്‍ ഒരു സാധാരണ സ്കൂളില്‍ പഠിച്ച ഒരു പ്രത്യേക സ്വഭാവമുള്ള വിദ്യാര്‍ഥിയായിരുന്നു. മഹാരാജാസില്‍ ചേര്‍ന്നത് കൊണ്ടാണ് ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതാകാന്‍ കാരണം. പോക്കറ്റില്‍ നൂറിന്റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്നില്ല. വലിയവനോ ചെറിയവനോ എന്ന വ്യത്യാസം ഇല്ലായിരുന്നു. ഞാന്‍ എല്ലാ സംഘങ്ങള്‍ക്കും ഒപ്പം ചേരുമായിരുന്നു. ഇന്ന് നമ്മള് ക്യാമ്പസില്‍ ഉള്ള കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള് കലാലയത്തില്‍ എങ്ങിനെ ആയിരുന്നു എന്ന് ഓര്‍മ്മിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല. അന്ന് ഒരാള്‍ ഒരു സിഗരറ്റ് വാങ്ങിയാല്‍ പത്തു പേര് വരെ വലിക്കുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചു പേര്. ‘കുറ്റിമുക്ക്’ സദസ്സില്‍ നിന്ന് മന്‍സൂര്‍ വിളിച്ചു പറഞ്ഞു. ഒരു ചോറ് പാത്രത്തില്‍ നിന്ന് മൂന്ന് പേരെങ്കിലും കഴിക്കുമായിരുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാത്ത ഒരു വലിയ സ്നേഹ കൂട്ടായ്മ. ആ സ്നേഹമാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നത് ‘ – മമ്മൂട്ടി പറഞ്ഞു.
അതേസമയം, പൂനെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയാല്‍ തീര്‍ച്ചയായും ചിത്ര പ്രദര്‍ശനത്തിന് വരും എന്ന് സുഹൃത്ത് ‘കള്ള് തൊമ്മയ്ക്ക് ‘ കൊടുത്ത വാക്ക് പാലിക്കുകയായിരുന്നു മമ്മൂട്ടി. തോമസിന്റെ ഒരു ചിത്രവും മമ്മൂട്ടി വാങ്ങിച്ചു. കൂടാതെ, ചടങ്ങില്‍ പങ്കെടുത്ത തന്റെ സഹപാഠികളെ ഓരോരുത്തരെയും പേര് വിളിച്ചു മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കിട്ടു. അന്‍പത് വര്‍ഷം മുന്‍പത്തെ സഹപാഠിയായിരുന്ന കെപി തോമസിന്റെ ചിത്ര പ്രദര്‍ശന ചടങ്ങിലെത്തിയതായിരുന്നു മമ്മൂട്ടി. മട്ടാഞ്ചേരിയില്‍ നിര്‍വാണ ആര്‍ട്സ് കളക്റ്റീവില്‍ വെച്ചാണ് ചിത്ര പ്രദര്‍ശന ചടങ്ങുകള്‍ നടന്നത്. മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ആഭിനുഖ്യത്തില് സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊഫ. എംകെ സാനുവും, മുന്‍മന്ത്രി തോമസ് ഐസക്കും മുഖ്യാതിഥിയായിരുന്നു.