‘സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍, സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ല’ ; മമ്മൂട്ടി
മലയാളിക്കിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വിസ്മയമാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില് ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ ഇന്നും നില്ക്കുന്നു. ‘സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം’ എന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ അന്‍പത്തിയെന്ന് വര്‍ഷമായി ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്.
സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സ്വന്തം പരിശ്രമഫലം കൊണ്ട് വെളളിത്തിരയില്‍ എത്തിയ മെഗാസ്റ്റാര്‍ തന്റെ സ്വപ്നത്തിന് പിന്നാലെ പായുകയായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം ഒരു അഭിനയ വിദ്യാര്‍ത്ഥിയെ പോലെയാണ് സിനിമകളെ സമീപിക്കുന്നത്. പണത്തോടും പദവിയോടുമല്ല സിനിമയോട് മാത്രമാണ് അദ്ദേഹത്തിന് ഭ്രമം. മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. പ്രമോഷന്റെ ഭാഗമായി മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുക എന്നതായിരിക്കും ഒരു നടന്റെ അല്ലെങ്കില്‍ സിനിമയുടെ ലക്ഷ്യം. മമ്മൂക്കയെ എപ്പോഴെങ്കിലും സിനിമ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മമ്മൂക്ക മറുപടി പറഞ്ഞത് ‘ ഞാന്‍ ആദ്യത്തെ സിനിമ കണ്ടപ്പോഴുള്ള ആശ്ചര്യം ഇതുവരെ മാറിയിട്ടില്ല. ആദ്യം സിനിമ കണ്ടപ്പോള്‍ ഇത് ഒരു അത്ഭുതമാണ്, ഇതായിരിക്കും എന്റെ ജീവിതം, ഇതില്‍ തന്നെ ഞാന്‍ കേറിപിടിക്കും എന്നെല്ലാം അന്ന് തീരുമാനിക്കുമായിരുന്നു. ഒരു വകതിരിവ് വന്ന കാലം ആ സമയത്തൊക്കെ എനിക്ക് സിനിമ ഭ്രമം ഉണ്ട്. അത് വേണേല്‍ ഒരു അഞ്ചാം ക്ലാസില്‍ വെച്ചായിരിക്കും. ആ ഭ്രമം കെടാതെ കൊണ്ട് നടക്കുന്നത്കൊണ്ടാണ് ഞാനിപ്പോഴും ഇവിടെ ചുറ്റിപറ്റി നിക്കുന്നത് ‘. മമ്മൂട്ടി പറയുന്നു.
സിനിമ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തല് മാത്രമല്ല. സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്താം, സംഭ്രമിപ്പിക്കാം, വിഭ്രമിപ്പിക്കാം എന്ത് വേണേല്‍ ചെയ്യാം. ഓരോ സിനിമയ്ക്കും ഓരോ ലക്ഷ്യം ഉണ്ടായിരിക്കും. എല്ലാ വികാരങ്ങളും സിനിമ കണ്ട് പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണ് സിനിമ ഇത്രയും പോപ്പുലറായിട്ടുള്ള കലാരൂപം ആവുന്നത്. ആരും കാണാത്ത സിനിമ കാണാറുണ്ട് ഞാന്‍. ആരും കാണാത്ത സിനിമകള്‍പോലും നമുക്ക് കാണാന്‍ സാധിക്കാറുണ്ട്. അപ്പോള്‍ സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍. സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ലെന്നും മമ്മൂക്ക വ്യക്തമാക്കുന്നു.