‘തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരം’ ; മമ്മൂട്ടി
കൊച്ചി നഗരം വിഷപുകയില്‍ വലഞ്ഞിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച ചര്ച്ചകളുംമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. ആകാശത്ത് വിഷ പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധാരണക്കാരും സിനിമാ മേഖലയില്‍ ഉള്ളരും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. ഇപ്പോഴിതാ, നടന് മമ്മൂട്ടി സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന് മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും, രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും നടന് മമ്മൂട്ടി പറഞ്ഞു.
”കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ ഷൂട്ടിങ്ങിനായി പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ” ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.