‘കണ്ണൂകളിലൂടെയാണ് ആസിഫ് അലി റോഷാക്കിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്, അവനോട് മനസ് നിറഞ്ഞ സ്നേഹം മാത്രം’; മമ്മൂട്ടി പറയുന്നു
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഇന്ന് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഏകദേശം അറുപതിലധികം ചിത്രങ്ങളില്‍ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. കരിയറില്‍ ഉടനീളം അതിഥി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ആസിഫ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിലും എത്തിയിരുന്നു. മുഖം പോലും പൂര്‍ണമായി കാണിക്കാതെ, ഒരു ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്.
നിരവധി പ്രേക്ഷകപ്രശസകള് ഇതിലൂടെ ആസിഫിന് ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ റോഷാക്കിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ആസിഫിനോട് മനസ് നിറഞ്ഞ സ്നേഹമാണെന്ന് പറയുകയാണ് മമ്മൂട്ടി. അബുദാബിയിലെ റോഷാക്ക് സക്സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റിലായിരുന്നു മമ്മൂക്ക ആസിഫിനെക്കുറിച്ച് സംസാരിച്ചത്. ആസിഫിനോട് അനീതി കാണിച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ മമ്മൂട്ടി പറഞ്ഞത്. ആലിഫലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണമെന്നും മമ്മൂട്ടി പറയുന്നു.
മനുഷ്യന്റെ ഏറ്റവും എക്സ്പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫിന്റെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് അസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലാത്. അത്രത്തോളം ആ നടന് കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാമെന്നും മമ്മൂട്ടി പറഞ്ഞു.
ഇതിനു മുന്‍പ് ഡോക്ടര്‍ ലവ്, മല്ലു സിങ്, ഉസ്താദ് ഹോട്ടല്‍, വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളിലെല്ലാം അതിഥി വേഷങ്ങളില്‍ എത്തി ആസിഫ് കയ്യടി നേടിയിട്ടുണ്ട്. സൗഹൃദത്തിന്റെ പുറത്താണ് താന്‍ ഈ വേഷങ്ങള്‍ എല്ലാം ചെയ്തത് എന്നാണ് ഒരിക്കല്‍ ഡൂള്‍ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞത്.