വാരിസും തുനിവും അല്ല.. മുന്നില്‍ മാളികപ്പുറം ; ഉണ്ണി മുകുന്ദൻ ചിത്രം മെഗാഹിറ്റിലേക്ക്..
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മാളികപ്പുറം എന്ന സിനിമ. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച മാളികപ്പുറം എന്ന ചിത്രം മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ്. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുകയാണ്. മാത്രമല്ല, എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും ഈ ചിത്രം തിയേറ്ററില്‍ പോയി കാണുന്ന പ്രവണതയും ഉണ്ട്.
അതേസമയം, പൊങ്കല്‍ റിലീസായി എത്തിയ തല അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും എത്തിയിട്ടും മാളികപ്പുറം വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. പല തിയേറ്ററുകളില്‍ നിന്നും വിജയിയുടെ വാരിസ് ഒഴിവാക്കി മാളികപ്പുറം പ്രദര്‍ശിപ്പിക്കുന്നതും കാണാം. പ്രവൃത്തി ദിവസങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത് റിലീസിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷനാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. 140 തിയേറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ മാളികപ്പുറം 170 സ്‌ക്രീനുകളിലായി പ്രദര്‍ശനം. ചിത്രം ഇതിനോടകം 40 കോടി നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് കരുതപ്പെടുന്നത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പാണ് ലോകമൊട്ടാകെ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21-ന് ചിത്രം തെലുങ്ക് ഭാഷയില്‍ റിലീസ് ചെയ്യും. അയപ്പ ഭക്തര്‍ക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ കാന്താര പോലുള്ള ഒരു സര്‍പ്രൈസ് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാളികപ്പുറം മാറുമെന്ന് വിലയിരുത്തപ്പെടുന്നു.