മാളികപ്പുറം എത്തുന്നു ഒടിടിയിൽ ; വീട്ടിലിരുന്നു കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…
ഉണ്ണി മുകുന്ദൻ നായകനായി എത്തി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ വെള്ളിത്തിരക്ക് മുന്നിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മാളികപ്പുറം. മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറു സിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കടന്ന സിനിമ നാലാം വാരത്തിൽ 145 തിയേറ്ററുകളിൽ നിന്ന് 230ലേക്ക് പ്രവേശനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് പ്രേക്ഷകർ തന്ന സിനിമയാണെന്നാണ് ഉണ്ണിമുകൻ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളെയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം ആളുകൾ ഏറ്റെടുത്തത്. അതേസമയം മാളികപ്പുറം സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയത്തെ കുറിച്ചും അതിലൂടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെ കുറിച്ച് ഉള്ള ചർച്ചകൾക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചൂടേറി കൊണ്ടിരിക്കുകയാണ്.
തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് കഴിഞ്ഞ ദിവസം ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കു മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. 3.5 കോടിക്ക് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്കടുത്ത് ക്രോസ് കളക്ഷൻ സ്വന്തമാക്കിയ എന്നാണ് താരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടാണ് മാളികപ്പുറത്തിന്റെ 100 കോടി ക്ലബ്ബ് നേട്ടം. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ 26ന് ചിത്രം റിലീസ് ആകും.
ചിത്രത്തിൻറെ ഹിന്ദി പതിപ്പ് വരുന്ന ആഴ്ചയിൽ തിയേറ്ററുകളിൽ എത്തുമെന്ന് ഉണ്ണിമുകുന്ദൻ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹിന്ദുത്വം പ്രചരിപ്പിക്കാൻ സിനിമയിൽ ശ്രമിക്കുന്നു എന്ന് ചിലർ പറഞ്ഞു പരത്തിയിരുന്നത് മൂലം പലരും ചിത്രം കാണാൻ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ അയ്യപ്പനെ കാണാനായി ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് മാളികപ്പുറം എന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞത് ശരിയാണെന്ന് തെളിയുകയായിരുന്നു. ദൈവം നിന്നിൽ തന്നെയുണ്ടെന്ന് പറയുന്ന തത്വമസി എന്ന ആശയത്തിനെ സിനിമ വ്യക്തമാക്കുന്നു എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത ഫെബ്രുവരിയിൽ ചിത്രം ഓ ടി ടി യിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് മാളികപ്പുറത്തിന്റെ ഓ ടി ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഓ ടി ടി പ്ലേ എന്ന വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നേരത്തെ ആമസോൺ വീഡിയോ ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെ മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകൾ പരാമർശിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വളരെ മികച്ച പ്രതികരണമാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിക്കൂനൻ ഉൾപ്പെടെ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത ശശിശങ്കറിനെ മകൻ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന എട്ടുവയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പൻറെയും കഥ പറയുന്ന ചിത്രം എട്ടുവയസ്കാരായ കുട്ടികളിലൂടെയാണ് മുന്നോട്ടുപോകുന്നത്.