‘സാറ്റര്‍ഡേ നൈറ്റ്’ സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ നടിന്മാരായ സാനിയ ഇയ്യപ്പനും, ഗ്രേസ് ആന്റണിക്കും നേരെ യുവാവിന്റെ ലൈംഗികാതിക്രമം!
റിലീസിനൊരുങ്ങുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയ നടി സാനിയ ഇയ്യപ്പനും, ഗ്രേസ് ആന്റണിക്കും നേരെ യുവാവിന്റെ ലൈംഗികാതിക്രമം. തിരക്കുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സാനിയ തന്നെ കൈകാര്യം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹക മാധ്യമങ്ങളില്‍ വൈറലായി. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങളെ കാണാന്‍ നിരവധി ആളുകളാണ് മാളില്‍ എത്തിയത്. അതിനിടയിലായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.
പരിപാടി കഴിഞ്ഞ് മാളില്‍ നിന്നും പുറത്തിറങ്ങുന്ന വഴി സാനിയയുടെയും നടി ഗ്രേസ് ആന്റണിയുടെയും ചുറ്റും ആളുകള്‍ തടിച്ചുകൂടി. ഇവര്‍ക്കൊപ്പമുള്ള ബൗണ്‍സേഴ്സ് ആളുകളെ മാറ്റി താരങ്ങളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു യുവാവ് സാനിയയുടെ ശരീരത്തില്‍ കയറിപിടിക്കാന്‍ ശ്രമിച്ചത്. തല്‍ക്ഷണം തന്നെ സാനിയ പ്രതികരിച്ചു. അതേസമയം, നടി ഗ്രേസ് ആന്റണിയും ഇത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് ഗ്രേസ് ആന്റണി പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി എന്നും അവര്‍ അതിന് പ്രതികരിച്ചു എന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ തനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയെന്നും നടി പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നടിയുടെ കുറിപ്പ് വായിക്കാം….
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ളൃൗേെൃമലേറ ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിന്റെയൊക്കെ അസുഖം…
#SaturdayNight promotion event scenes. From Calicut Hilite Mall😯 pic.twitter.com/Zt16hPRTau
— ForumKeralam (@Forumkeralam2) September 27, 2022
അതേസമയം, കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷന് ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗീസ്, സിജു വില്സന്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്.