മാളവികയും നവനീതും ഗുരുവായൂരിൽ വെച്ച് വിവാഹിതരായി; കൈപിടിച്ച് നൽകി ജയറാം, ചിത്രങ്ങൾ കാണാം…
മോഡലും ജയറാമിന്റെയും പാർവതിയുടെയും മകളുമായ മാളവിക വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. തമിഴ് സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു.
പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിന്റെ വേഷം. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങിൽ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപർണ ബാലമുരളി തുടങ്ങിയവർ എത്തിയിരുന്നു.
തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്. ശനിയാഴ്ച സിനിമയിലെ സഹ പ്രവർത്തകർക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, അച്ഛനും സഹോദരനും പിന്നാലെ മാളവികയും അഭിനയരംഗത്തേക്കു കടന്നിരുന്നു. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വീഡിയോയിലും മാളവിക അഭിനയിച്ചിരുന്നു.
യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരിൽ ശ്രദ്ധയാകർഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായർ.
തരിണി കലിംഗരായർക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയിൽ ജയറാമിനെയും പാർവതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് വ്യക്തമായത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തിൽ പങ്കുവെച്ചത് ചർച്ചയായി മാറുകയും ചെയ്‍തു. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയിൽ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്‍തതോടെ ആരാധകർ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ജയറാമിന്റെയും പാർവതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.