മേജര്‍ രവി ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ ഉണ്ണിമുകുന്ദനും, സുരേഷ് ഗോപിയും മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാകുന്ന ഏറ്റവും പുതിയ വാര്‍ത്തകളാണിത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡറിന് ശേഷം മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഗ് ബജറ്റില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുക എന്നും വാര്‍ത്തകളില്‍ ഉണ്ട്.
ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മേജര്‍ രവി വീണ്ടും സംവിധാന തൊപ്പി അണിയുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പാപ്പനിലൂടെ ബ്ലോക്ക് ബസ്റ്റര്‍ വിജയം സമ്മാനിച്ച സുരേഷ് ഗോപിയും മാളികപ്പുറത്തിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ഉണ്ണിമുകുന്ദനും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും ഉയരുകയാണ്.
രണ്ട് തലമുറകളുടെ ആക്ഷന്‍ ഹീറോസ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ മലയാളത്തിലെ തന്നെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനി ഔദ്യോഗികമായി ചിത്രം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മുന്നോട്ട് പോവുകയാണ് മാളികപ്പുറം. ചിത്രം റിലീസിനെത്തി 30 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള്‍ ആണ്. 50 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബിലെത്തും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പന്‍ ജനപിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്.
ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന്‍ മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഏതായാലും അയ്യപ്പനായിട്ട് ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രകടനം കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മാളികപ്പുറത്തിലെ അഭിനയം കൊണ്ട് തന്നെ ആരാധകരെ ഇരട്ടിപ്പിക്കുകയും ചെയ്തു. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയാണ്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.