‘നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് കൊടുത്തത് ശരിയായില്ല’ : ലിനു ലാല്‍!
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്കാരം. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീതജ്ഞന് ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ലിനു ലാല്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്നും നാലും വയസ് മുതല്‍ സംഗീതം പഠിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ടെന്നും, പട്ടിണി കിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവരുണ്ടെന്നും, അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള് നഞ്ചിയമ്മ പാടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പാടിയ ആ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍ അത് ശരിയല്ലെന്നാണ് ലിനു ലാല്‍ പറയുന്നത്.
കൂടാതെ, നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പുതിയൊരു സോങ് കമ്പോസ് ചെയ്ത് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും, അവര്‍ക്ക് ഒരാഴ്ചയോ ഒരുമാസമോ കൊടുത്ത് സാധാരണ ഒരു ഗാനം പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും അവര്‍ക്ക് അത് പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറഞ്ഞു. അതുപോലെ, ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ ദാസ് സാറും, ചിത്ര ചേച്ചിയും, മധുബാലകൃഷ്ണനൊക്കെ പാടിപ്പോകും. എന്നാല്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ആ ഗാനം 2020 ലെ മികച്ച പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് ലിനു വ്യക്തമാക്കി.
അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട് ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ എന്ന് തനിക്ക് സംശയമുണ്ട്. എന്നാല്‍ തനിക്ക് നഞ്ചിയമ്മയോട് വിരോധവുമില്ലെന്നും, അവരെ ഇഷ്ടമാണെന്നും, ആ ഫോക് സോങ് അവര്‍ നന്നായി പാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും അവര്‍ക്ക് കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടതെന്ന് ലിനു ലാല്‍ ചോദിക്കുന്നു. അവര്‍ ആ പാട്ട് പാടിയതിന് ഒരു സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്‍കാമായിരുന്നു എന്നും ലിനു പറയുന്നു. അതേസമയം, ലിനുവിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.