ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനില്‍’ ഈ പ്രമുഖ താരം
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധി ഇതരഭാഷാ താരങ്ങളുടെ പേരുകള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിച്ച ഒരു പേര് സിനിമയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുയാണ്. മറാഠി സിനിമയിലെ പ്രമുഖ താരം സൊണാലി കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ ഭാഗമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സൊണാലി തന്നെയാണ് താന്‍ മലൈക്കോട്ടൈ വാലിബന്റെ ഭാഗമാവുന്ന കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി മറാഠി സിനിമയുടെ ഭാഗമാണ് സൊണാലി കുല്‍ക്കര്‍ണി. നിരവധി മറാഠി ചിത്രങ്ങള്‍ക്ക് പുറമെ ഗ്രാന്‍ഡ് മസ്തി, സിംഗം റിട്ടേണ്‍സ് എന്നീ രണ്ട് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം ബിഗ് ബോസ് മറാഠി ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളില്‍ അതിഥിയായും എത്തിയിട്ടുണ്ട്. 2008 ല്‍ മികച്ച പുതുമുഖ നടിക്കുള്ള മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട് ഈ മുപ്പത്തിനാലുകാരി. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.