വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ആദ്യഷോ കഴിഞ്ഞപ്പോഴേക്കും കഥ മാറി. പ്രതീക്ഷകളെ വെറും പ്രതീക്ഷകൾ മാത്രമാക്കിയുള്ള ചിത്രത്തിന്റെ പ്രകടനം ട്രോളുകളിലേക്കും വിമർശനങ്ങളിലേക്കും എത്തിച്ചിരുന്നു. റിലീസ് ചെയ്ത് ഒരു വർഷം ആകാൻ പോകുന്നതിനിടെ വാലിബന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മലൈക്കോട്ടൈ വാലിബന്റെ പരാജയം സമ്മാനിച്ച നിരാശ മാറാൻ മൂന്ന് ആഴ്ച വേണ്ടി വന്നുവെന്നും കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ട, ഗംഭീര നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് താൻ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ലിജോ പറഞ്ഞു. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ ആയിരുന്നു ലിജോയുടെ തുറന്നുപറച്ചിൽ. “കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ടിട്ടുള്ള ഗംഭീരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ഞാൻ ശ്രമിച്ചത്. ബോളിവുഡ് പടങ്ങളിൽ ബച്ചൻ സാറും തമിഴ് സിനിമയിൽ രജനി സാറുമൊക്കെ സ്ക്രീനിലേക്ക് വരുന്നത് പോലൊരു നിമിഷം. വാലിബന്റെ പരാജയം എന്നെ നിരാശിയിലേക്ക് കൊണ്ടെത്തിച്ചു. ആ നിരാശ മൂന്നാഴ്ചയോളം മാത്രമെ നീണ്ടുനിന്നുള്ളൂ”, എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
“പ്രേക്ഷകര്‍ എന്താണോ അവര്‍ കാണണമെന്ന് വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അല്ലാതെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്. എന്റെ ശൈലി ഇതാണ്. സിനിമ നിർമിക്കുന്നത് മാത്രമല്ല സംവിധാനം. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണെന്നാണ് എനിക്ക് തോന്നുന്നത്”, എന്നും ലിജോ ജോസ് കൂട്ടിച്ചേർത്തു.