‘നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളു’ ; ലാല്‍ ജോസ്
1 min read

‘നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളു’ ; ലാല്‍ ജോസ്

സമൂഹ മാധ്യമങ്ങളില്‍ പുതിയ പുതിയ സിനിമകളെ റിവ്യു ചെയ്യുന്നവരില്‍ ചിലര്‍ വാടക ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളൂവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, പലരും പണം ആവശ്യപ്പെട്ട് കൊണ്ട് സിനിമക്കാരെ സമീപിക്കുകയാണ്. ഇങ്ങനെ പണം നല്‍കിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. അതുപോലെ, പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നുണ്ട്. തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

അതേസമയം, വളരെ നല്ല രീതിയില്‍ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവര്‍ ഒട്ടേറെയുണ്ടെന്നും അത് വ്യക്തികളുടെ സ്വഭാവ ഗുണത്തിനനുസരിച്ചാണ് എന്നും ലാല്‍ ജോസ് തുറന്നു പറഞ്ഞു. എന്ന് പണ്ട് ഇങ്ങനെയുള്ള അവസ്ഥ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവര്‍ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സിനിമയെ വിമര്‍ശിക്കുന്നത് മറ്റൊരു രീതിയില്‍ ആണ്.

അവര്‍ വളരെ സൂക്ഷ്മമായാണ് സിനിമയെ നോക്കി കാണുന്നത്. സിനിമയിലെ എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം തുറന്നു പറയുന്നു. അതുപോലെ, ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നില്‍ കണ്ടാണ് താനിപ്പോള്‍ സിനിമ ചെയ്യുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. നാല് യുവതീയുവാക്കളുടെ കഥയാണ് സോളമന്റെ തേനീച്ചകള്‍ പറയുന്നത്. വിന്‍സി, ദര്‍ശന, ആഡിസ് ആന്റണി, ശംഭു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതില്‍ വിന്‍സിയൊഴിച്ച് മറ്റെല്ലാവരുടെയും റിലീസാകുന്ന ആദ്യ ചിത്രമാണിത്.