അജയ് വാസുദേവ് – കുഞ്ചാക്കോ ബോബന് ചിത്രം ‘പകലും പാതിരാവും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്ശന്, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അതോടൊപ്പം നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നായകസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് കുഞ്ചാക്കോ ബോബന് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് ആ സിനിമകള്‍. പൂര്‍ണമായും ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അജയ് വാസുദേവിന്റെ ഫിലിമോഗ്രഫിയിലെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സ്റ്റീഫന്‍ ദേവസ്വിയാണ്.
എഡിറ്റിംഗ് റിയാസ് കെ ബദര്‍, വരികള്‍ സേജ്ഷ് ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന് പൂങ്കുന്നം, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സുരേഷ് മിത്രകരി.
അതേസമയം, ടിനു പാപ്പച്ചന് ചിത്രം ചാവേര്‍ ആണ് കുഞ്ചാക്കോയുടേതായി റിലീസിനൊരുങ്ങുന്ന ഒരു ചിത്രം. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേര്‍. ആന്റണി വര്‍ഗീസും അര്ജുന് അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.