ഓസ്കാര്‍ മുത്തമിട്ട് ‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ; ഇന്ത്യന്‍ സംഗീതത്തിന് അഭിമാനം
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്കര് അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിലായിരുന്നു ആരാധകരുടെ പ്രതീക്ഷകളത്രയും. പ്രതീക്ഷകളൊന്നും വെറുതെയായില്ല. വീണ്ടും ഇന്ത്യ ഓസ്കറില് മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്കര് അവാര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന് കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഓസ്കാര്‍ ലഭിച്ചത് വളരെ കയ്യടികളോടെയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്കര് പുരസ്ക്കാരം.
കര്‍ണടക സംഗീതത്തിലെ രാഗത്തിന്റെ പേര് കൂടിയാണ് കീരവാണി. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്ക്കുന്ന പ്രകൃതക്കാരനല്ല കീരവാണിയെങ്കിലും പാട്ടുകള്‍ മൂളിക്കൊടുത്താല്‍ ഭാഷാഭേദമന്യേ ആളുകള്‍ക്ക് അദ്ദേഹം മുന്‍പരിചയക്കാരനായിരിക്കും. 1990ല്‍ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. കരിയറിന്റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വര്‍ഷം സൂര്യമാനസം. കീരവാണിയുെട മെലഡിയില്‍ മലയാളം വിതുമ്പുകയായിരുന്നു. ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാന്‍. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
2014ല്‍ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ ബന്ധുകൂടിയായ സംവിധായകന് എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്. ഇരുപത് ട്യൂണുകളില്‍ നിന്നും ‘ആര്‍ആര്‍ആര്‍’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. യുക്രൈനിലായിരുന്നു ആ ഗാനം ചിത്രീകരിച്ചത്. കീവിലെ മാരിന്‍സ്കി കൊട്ടാരത്തിന് മുന്നിലാണ് (യുക്രൈന് പ്രസിഡന്‍ഷ്യല്‍ പാലസ്) ചിത്രീകരണം നടന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം നേടിയിരുന്നു.