ഇത് ലജ്ജാകരം! ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
സിനിമ നടന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നീ മേഖലകളില്‍ വളരെ പ്രശസ്തനായ ഒരാളാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമയില്‍ നായകനായും, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആവുകയും ചെയ്തു. ഇപ്പോഴിതാ, ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന് ലാല്‍ തുടങ്ങിയവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍.
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഇവര്‍ പിന്മാറണമെന്നും, റിമി ടോമി, വിജയ് യേശുദാസ് എന്നിവരാണ് ഇത്തരം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാരെന്നും, ഇത്തരം ജനദ്രോഹ പരസ്യങ്ങളില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന് സാംസ്കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
നമുക്ക് ലജ്ജ തോന്നുന്ന ഒരു കാര്യമാണ്, ഇത്തരം സാമൂഹ്യവിരുദ്ധ- ദ്രോഹ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നതാണ്. ഇന്ത്യയിലെ വലിയ നടനാണ് ഷാരൂഖ് ഖാന്. പൈസയില്ലാത്ത ഒരാളല്ല അദ്ദേഹം. അതുപോലെ വിരാട് കോഹ്ലി നല്ലൊരു സ്പോര്‍ട്സ് താരമാണ്, അദ്ദേഹത്തോട് എല്ലാവര്ക്കും ബഹുമാനവും ഇഷ്ടവുമാണ്. അഞ്ച് പൈസയില്ലാത്ത പിച്ചക്കാരനല്ല, പൈസക്ക് വേണ്ടിയല്ല പരസ്യം ചെയ്യുന്നത്. അതുപോലെ, നമ്മുടെ ഇഷ്ടഗായകനായ യേശുദാസിന്റെ മകന് വിജയ് യേശുദാസിനെയും ഗായിക റിമി ടോമിയും ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണംകെട്ട, ജനദ്രോഹ- രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര് പിന്മാറണം. എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഇത്തരം പരസ്യങ്ങളില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന് സാംസ്കാരിക മന്ത്രിയും സര്‍ക്കാരും പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിന് മന്ത്രി വി.എന്‍. വാസവന് മറുപടി പറഞ്ഞതിങ്ങനെ…ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്നും, അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടതെന്നും, അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂവെന്നും മന്ത്രി പറഞ്ഞു.