‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്, അതാണ് അയാളുടെ ഗുരുത്വക്കേട് ‘; വെളിപ്പെടുത്തലുമായി കൈതപ്രം
മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തില്‍ ചില നടന്മാരില് നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന് ദിലീപിനെതിരെയാണ് അദ്ദേഹം തുറന്നടിക്കുന്നത്.
തിളക്കം സിനിമയില്‍ പാട്ടെഴുതാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. താന്‍ എഴുതിയ പാട്ട് ദിലീപ് ഇടപെട്ട് മാറ്റിയെന്നും പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടേയെന്നും ദിലീപ് പറഞ്ഞുവെന്നും കൈതപ്രം പറയുന്നു. ദിലീപിന്റെ തുടക്കകാലം മുതലുള്ള സിനിമകള്‍ക്ക് ഗാനമെഴുതിയ വ്യക്തിയാണ് കൈതപ്രമെന്നും തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോള്‍ എന്ന ഗാനമുള്‍പ്പെടെ ജയചന്ദ്രനും ഒരു തിരിച്ചുവരവ് നല്കിയ ഗാനമായിരുന്നു എന്ന ചോദ്യത്തിനാണ് കൈതപ്രം മറുപടി നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ അതൊന്നും ദിലീപിന് മാത്രം അറിയില്ലെന്നാണ് കൈതപ്രം പറഞ്ഞത്.
ദിലീപ് എന്നെ പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യമല്ല. ഞാനെഴുതികൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്കുമ്പോള് അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെകൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് ദിലീപിന്. എങ്ങനെയുണ്ട് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. ഇഷ്ടം പോലുള്ള സിനിമയില്‍ അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ സിനിമകളും അയാള്‍ മറന്നിട്ട് എന്നെ മാറ്റിയെന്നും കൈതപ്രം വ്യക്തമാക്കുന്നു.
എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.