പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം ‘കടുവ’ തമിഴിലേക്ക് ; റിലീസ് തിയതി പ്രഖ്യാപിച്ചു
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ര കൂടിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നെല്ലാമായിരുന്നു സിനിമകണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിവേക് ഒബ്‌റോയ് വില്ലനായി അഭിനയിച്ച ചിത്രം മാര്‍ച്ച് മൂന്നിനാണ് തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുക. 50 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമ തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ ഒറിജിനല്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
മലേഷ്യന്‍ പ്രേക്ഷകര്‍ക്കിടയിലും കടുവ ചര്‍ച്ചാവിഷയമായിരുന്നു. വിദേശ സിനിമയില്‍ തങ്ങളുടെ രാജ്യത്തേക്കുറിച്ച് പറയുന്ന ഒരു പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ മലേഷ്യന്‍ കമ്പനി മൂന്ന് കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി സിനിമയില്‍ പറയുന്നുണ്ട്. സകല മേഖലയിലും അഴിമതി നിറഞ്ഞ മലേഷ്യയുടെ നേര്‍ചിത്രമാണ് സിനിമയില്‍ തെളിയുന്നതെന്ന തരത്തിലും, ഈ പരാമര്‍ശം രാജ്യത്തിന്റെ അന്തസ് ഇടിക്കുകയാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം മലേഷ്യയില്‍ മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കി. കടുവ തിയറ്ററുകളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. ാജി കൈലാസിന്റെ തന്നെ കാപ്പയെന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി.