‘ഫുള്‍ സ്ക്രിപ്റ്റ് ഇല്ലാതെ പ്രിയദര്ശന് ഒരുക്കിയ ചിത്രമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി’; കെ രാധാകൃഷ്ണന്
മലയാളത്തിലേ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലിനെ മാത്രം വെച്ച് ഒരിടക്ക് പ്രിയദര്ശന് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്നു. മോഹന്‍ലാല്‍ സൂപ്പര്‍ താരനിരയിലേക്ക് എത്താന്‍ കാരണവും ആ സിനിമകളായിരുന്നു. ിരക്കഥാകൃത്തായിരുന്ന പ്രിയദര്‍ശന്റെ സംവിധയകനായുള്ള ആദ്യ സിനിമ മോഹന്‍ലാലിന് ഒപ്പമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു ചിത്രം. മേനക സുരേഷ്, ശങ്കര്‍, നെടുമുടി വേണു, സുകുമാരി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പ്രിയദര്‍ശന്റെ കയ്യില്‍ സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും കഥയും കുറച്ച് പേപ്പറുകളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്ന കെ രാധാകൃഷ്ണന്. ‘പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയുടെ കാര്യം പറയണമെങ്കില്‍ ആദ്യം പ്രിയദര്‍ശനെക്കുറിച്ച് പറഞ്ഞ് തുടങ്ങണം. അന്ന് പുള്ളിക്ക് സ്ക്രിപ്റ്റ് ഒന്നമില്ല. പുള്ളിക്ക് ഒരു ചേഞ്ച് ഓവര്‍ വരുന്നത് താളവട്ടം മുതലാണ്. അതുവരെയുള്ള സിനിമകള്‍ക്കുള്ള സ്ക്രിപ്റ്റ് ആ സമയത്താണ് എഴുതുന്നത്. കഥ മാത്രമുണ്ടാവും. കുറെ പേപ്പറും ഉണ്ടാവും. അല്ലാതെ ഫുള്‍ സ്ക്രിപ്റ്റ് പുള്ളീടെ കയ്യില്‍ ഒരിക്കലും ഉണ്ടാവില്ലെന്നും’ അദ്ദേഹം പറയുന്നു.
”പൂച്ചക്കൊരു മൂക്കുത്തി സമയത്ത് പങ്കജ് ഹോട്ടലില്‍ ആണ് താമസം. എന്താണ് ഇന്ന് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ നാളെ പറയാമെന്ന് പറഞ്ഞ് പുള്ളി പോയി കിടന്ന് ഉറങ്ങും. അത്രയധികം ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. ഇന്നത്തെ കാലത്ത് ആണെങ്കില്‍ ഈ പരിപാടി ഒന്നും നടക്കില്ല. രാവിലെ 6:30 ആകുമ്പോള്‍ തന്നെ ഞാന്‍ പോയി വിളിക്കും. ഒരു ചായ പറയ് എന്നാവും അപ്പോള്‍. ചായ വന്നാലും പുള്ളി എണീക്കില്ല. ചായ തണുത്ത് പോയെന്ന് പറഞ്ഞ് അടുത്തതും പറയിക്കും. പുള്ളി നിലത്ത് തൊട്ടു വണങ്ങി ആണ് എഴുനേല്‍ക്കുന്നതെങ്കില്‍ പിന്നെ കിടക്കില്ല. വേഗം കുളിച്ച് റെഡിയായി വരും’
ഇന്ന് എവിടെയാ ഷൂട്ട്, എന്തൊക്കെയാ കാര്യങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമറിഞ്ഞൂടാ, നീ വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞ് പുള്ളി പേപ്പറുമെടുത്ത് ബാത്ത്റൂമില്‍ പോവും. ന്യൂസ് വായിക്കാനൊന്നുമല്ല. ടിഷ്യൂ പേപ്പറെടുത്ത് ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ എഴുതുവായിരിക്കും. അര ണണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് പറഞ്ഞു എല്ലാത്തിനേും പെറുക്കി മ്യൂസിയത്തിലോട്ട് വിട്ടോളാന്‍. മ്യൂസിയത്തില്‍ ഷൂട്ട് ചെയ്യണെങ്കില് നേരത്തെ പെര്മിഷന് എടുക്കണം. ഞാന്‍ പിന്നെ സൂപ്രണ്ടിന്റെ വീട്ടില്‍ പോയി കണ്ട് ശരിയാക്കും. പിന്നെ ആര്ട്ടിസ്റ്റുകളെല്ലാരും എത്തുമ്പോള്‍ ഉച്ചയാവും അപ്പോഴാണ് ഷൂട്ട് തുടങ്ങുന്നത് എന്നും രാധാകൃഷ്ണന് വ്യക്തമാക്കുന്നു.