“മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം” ; ജോണ്‍ ബ്രിട്ടാസ്
പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു മമ്മൂട്ടി. ഇത്ര സുദീര്‍ഘമായ കാലം സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും ഗൃഹപാഠം ചെയ്ത പ്രതിഭയാണ് അദ്ദേഹം. ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടവം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ അദ്ദേഹം പൂര്‍ണനാണ്.
ധാരാളം ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മമ്മൂട്ടി എന്നും തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി നില നിന്നിട്ടുള്ള ആളാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏത് പുരസ്കാരങ്ങള്‍ക്കും അര്‍ഹനായ മമ്മൂട്ടിക്ക് ഇതുവരെ നല്‍കാത്തത് പദ്മഭൂഷണ്‍ അവാര്‍ഡ് ആണ്. കാലമിത്രയായിട്ടും മമ്മൂട്ടിയ്ക്ക് ഇത് ലഭിക്കാത്തതിന്റെ കാരണം ഒരിക്കല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇപ്പോള്‍ അക്കാര്യങ്ങള്‍ തന്നെ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയെന്നാണ് അദ്ദേഹം പറയുന്നത്.
എന്തുകൊണ്ട് മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ നല്‍കുന്നില്ല എന്നുള്ളതിന് താന്‍ വിശ്വസിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വെക്കുന്നില്ല എന്നാണ്. തന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഭയപ്പെട്ട വ്യക്തിയല്ല മമ്മൂട്ടി. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനും പത്മഭൂഷണും ഇടയില്‍ നില്‍ക്കുന്നത്. സൗഹൃദങ്ങള്‍ക്ക് ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നു. നൂറ് ശതമാനം അദ്ദേഹം അങ്ങനെ ഒരു അവാര്‍ഡിന് അര്‍ഹനാണ്.
അദ്ദേഹത്തിന്റെ രാജ്യം നേരത്തെ പദ്മശ്രീ നല്‍കിയിരുന്നു. 1998ലാണ് പദ്മശ്രീ നല്കി ആദരിച്ചത്. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്കി ആദരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ മമ്മൂട്ടിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം കേന്ദ്രം ഈ ശുപാര്‍ശ തള്ളുകയായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
അതേസമയം മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. റോഷാക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ചിത്രം. സംവിധാനം ചെയ്യുന്നത് നിസാം ബഷീര്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.