”ഒരു ചെറിയ സീനിൽ പോലും ഫഹദ് നോർമൽ അല്ലായിരുന്നു”; ആവേശത്തെക്കുറിച്ച് ജിത്തു മാധവൻ
1 min read

”ഒരു ചെറിയ സീനിൽ പോലും ഫഹദ് നോർമൽ അല്ലായിരുന്നു”; ആവേശത്തെക്കുറിച്ച് ജിത്തു മാധവൻ

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ എന്നാണ് പൊതുവെയുള്ള അഭിപ്രായം. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ബെംഗളുരുവിലെ ഒരു കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് മലയാളി വിദ്യാർത്ഥികളിലൂടെയാണ് ആവേശത്തിന്റെ കഥ പുരോ​ഗമിക്കുന്നത്. രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിതു മാധവൻ. ആവേശത്തിന്റെ ഒരു ചെറിയ സ്ക്രീനിൽ പോലും ഫഹദ് നോർമലായിട്ടല്ല ഇരിക്കുന്നത് എന്നാണ് ജിതു പറയുന്നത്. കൂടാതെ ഷൂട്ടിൻ്റെ സമയത്ത് ഉള്ള സ്റ്റില്ലിൽ ഫഹദിന് മറ്റൊരു ഭാവമാണ് എന്നും ജിതു പറയുന്നു. “ഫഹദിനെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടനെന്ന് പറയുന്നത് കൊണ്ടാണ് നമ്മൾ സിനിമയിൽ കണ്ണട വെച്ചു കൊടുത്തത്. ഇത്തവണയെങ്കിലും കണ്ണ് കൊണ്ടല്ലാതെ അഭിനയിക്കട്ടെ എന്ന് കരുതി. ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഈ കഥാപാത്രത്തിൻ്റെ ഒരു ഭാഗമാണ് ആ കണ്ണട.

ഒന്നാമത്തെ കാര്യം, നമുക്ക് ഈ കഥാപാത്രമായി ഫഹദ് ഫാസിലിനെ വേണ്ടിയിരുന്നില്ല എന്നതാണ്. ഫഹദിനെ ഈ കഥാപാത്രത്തിൽ നിന്ന് കട്ട് ചെയ്യണമായിരുന്നു. ഒരുപക്ഷെ ശ്രദ്ധിച്ചാൽ മനസിലാകും, ആവേശത്തിന്റെ ഒരു ചെറിയ സ്ക്രീനിൽ പോലും ഫഹദ് നോർമലായിട്ടല്ല ഇരിക്കുന്നത്. സിനിമയിൽ ഫഹദ് ഫാസിലായിട്ട് അയാൾക്ക് ഒരു സീനില്ല. ആ വരിഞ്ഞു മുറുകൽ അല്ലെങ്കിൽ പിരിമുറുക്കം പുള്ളി സിനിമയിൽ മുഴുവനായും മെയിൻടൈയ്ൻ ചെയ്‌തിട്ടുണ്ട്. നമുക്ക് പോസ്റ്ററിന് വേണ്ടി എടുത്ത സ്റ്റിൽസ് കാണുമ്പോൾ തന്നെ അത് ഷോട്ടിൻ്റെ സമയത്ത് എടുത്തതല്ലെന്ന് മനസിലാകും.

ഇത് ഉപയോഗിക്കരുത്, ഇതിൽ ഫഹദ് ഫഹദായിട്ട് തന്നെയാണ് ഇരിക്കുന്നതെന്ന് ഞങ്ങൾ പറയും. മുഖം കാണുമ്പോൾ തന്നെ ആ സ്റ്റിൽസ് ഷോട്ടിന്റെ സമയത്ത് എടുത്തതാണോ അതോ വെറുതെ ഇരിക്കുമ്പോൾ എടുത്തതാണോ എന്ന കാര്യം പെട്ടെന്ന് മനസിലാകും. ഷൂട്ടിൻ്റെ സമയത്ത് ഉള്ള സ്റ്റില്ലിൽ ഫഹദിന് മറ്റൊരു ഭാവമാണ്.”- ജിത്തു വ്യക്തമാക്കി. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.