ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം; ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചു
കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബിൽ സംഘടിപ്പിച്ചിരുന്ന ജിയോ ബേബി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചിരിക്കുകയാണ്. സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകൻ ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ചത്.
ഇന്നലെയാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും എന്നാൽ പിന്നീട് പരിപാടിക്ക് വരേണ്ടത്തില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാർത്ഥി യൂണിയൻ കത്തയക്കുകയും ചെയ്തത്. പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാണ് കത്തിലുണ്ടായിരുന്നത്.
എന്നാൽ ഇത് തനിക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞ സംവിധായകൻ ജിയോ ബേബി നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളാണ് സിനിമ- സാംസ്കാരിക മേഖലയിൽ നിന്നും വരുന്നത്. എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്.