മെമ്മറീസിന് രണ്ടാം ഭാഗം?പൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും!
മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നില്ക്കുന്ന പ്രശസ്ത സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മെമ്മറീസ്, മൈ ബോസ്, മമ്മി & മി, ദൃശ്യം, ട്വല്‍ത്ത് മാന്‍ തുടങ്ങി അദ്ദേഹം ഒട്ടേറെ സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ദൃശ്യം അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു സിനിമയാണ് മെമ്മറീസ്. ഇത് ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായിരുന്നു. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവന്, സുരേഷ് കൃഷ്ണ, മധുപാല്‍ എന്നിവരാണ് മെമ്മറീസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. പികെമുരളീധരന്, ശാന്ത മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
ഇപ്പോഴിതാ, പൃഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിന് വേണ്ടി ധനം സമാഹരിക്കാനാണ് പുതിയ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഒരു സൂപ്പര്‍ ത്രില്ലര്‍ ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞുവെന്നും അറിയിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹാരത്തിനായി ഒരുങ്ങുന്ന ചിത്രം അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത് രമേശ് പി പിള്ളയാണ്. പൃഥ്വിരാജ്, ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. അതേസമയം, ഇപ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം മെമ്മറീസിന്റെ രണ്ടാം ഭാഗമാണോ എന്ന സംശയത്തിലാണ് ആരാധകര്‍.
പൃഥ്വിരാജിന്റെ റിലീസ് ആകാനുള്ള ഏറ്റവും പുതിയ ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് ഇതുവരെ വലിയ രീതിയിലുള്ള പ്രമോഷനാണ് പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ദുബായിയില്‍വെച്ച് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് സിനിമയുടെ പേരും പൃഥ്വിരാജിന്റെ പേരും തെളിയിക്കുകയായിരുന്നു. ആദ്യമായാണ് ഒരു സിനിമയുടെ പ്രമോഷന് ഇത്തരത്തില്‍ നടക്കുന്നത്.
ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ ഏഴിന് തിയേറ്ററില്‍ എത്തും. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.