പവര്‍ഫുള്‍ ലുക്കിലെത്തുന്ന ജയറാം …! അബ്രഹാം ഓസ്ലര് റിലീസ് തിയതി
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയറാം അഭിനയിച്ച അന്യഭാഷാ ചിത്രങ്ങളെല്ലാം തന്നെ വന്‍ വിജയം നേടിയിട്ടുമുണ്ട്.
ജയറാമിന്റേതായി എത്താനിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ഈ ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസ് ആയിരിക്കും. ജയറാമിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലറും ത്രില്ലര്‍ ആണ്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇത് യാഥാര്‍ഥ്യമെങ്കില്‍ ചിത്രത്തിന്റെ മൂല്യമുയര്‍ത്തുന്ന ഘടകമായിരിക്കും അത്. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്ലര്’. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്കുന്ന സൂചനകള്‍.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്.