‘ ജയിലർ ‘ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലം 60 കോടി
1 min read

‘ ജയിലർ ‘ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലം 60 കോടി

പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിച്ചാണ് ഏത് സംവിധായകനും തന്‍റെ ഓരോ ചിത്രവും ഒരുക്കുന്നത്. എന്നാല്‍ അപ്രവചീനയതയുള്ള സിനിമയില്‍ ചിലത് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ മറ്റ് ചിലത് വന്‍ വിജയവും നേടും. തമിഴ് യുവ സംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനെ സംബന്ധിച്ച് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നു. സൂപ്പര്‍താര മാസ് ചിത്രങ്ങള്‍ക്ക് ഒരു ഗംഭീര മാതൃക തന്നെ സൃഷ്ടിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ നെല്‍സണെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് ശ്രദ്ധ നേടുകയാണ്.

ജയിലറിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജയിലറിന്‍റെ വിജയം മുതല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലെ ആരാധക ചര്‍ച്ചകളിലും വരുന്നതാണ്. ജയിലര്‍ 2 തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് നെല്‍സണ്‍ പൂര്‍ത്തിയാക്കിയതായി ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിൽ പറയുന്നത്.

ജയിലറിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തില്‍ നെല്‍സണ്‍ കാര്യമായ വര്‍ധന വരുത്തിയിട്ടുണ്ടെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലര്‍ രണ്ടാം ഭാഗത്തില്‍ നെല്‍സണ് ലഭിക്കാന്‍ സാധ്യത 60 കോടിയാണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി പൂര്‍ത്തിയായതിന് ശേഷമാവും ജയിലര്‍ 2 ആരംഭിക്കുക. മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ഇടം രണ്ടാം ഭാഗത്തില്‍ ഉണ്ടായിരിക്കുമെന്നും സിനിമാമേഖലയില്‍ നിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.