“ഒരിക്കലും മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല”: ഐവി ശശി പറഞ്ഞ വാക്കുകൾ ഇങ്ങനെ
1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് ഐവി ശശി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്യുന്നതിനിടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുവാൻ താരത്തിന് സാധിച്ചു. 1971 പുറത്തിറങ്ങിയ വിപിൻദാസ് ചിത്രമായ പ്രതിധ്വനിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഐ വി ശശിയെ മാറ്റിനിർത്തിക്കൊണ്ട് മലയാളസിനിമ എന്ന ഒന്ന് അടയാളപ്പെടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. ആദ്യ രണ്ട് സിനിമകൾ അദ്ദേഹം പേര് വെക്കാതെ ആണ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഉത്സവം എന്ന ചിത്രത്തിൽ തൻറെ പേര് വെച്ച് ഒരു ചിത്രം അദ്ദേഹത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ അവസരം ലഭിച്ചത്.
പ്രേംനസീറും മധുവും ഇല്ലാത്ത ഒരു ഹിറ്റ് ചിത്രത്തെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത കാലഘട്ടത്തിൽ അന്നത്തെ വില്ലൻ കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്ന ഉമ്മറിനെ നായകനാക്കി ഉത്സവം എന്ന ചിത്രത്തിന് തുടക്കം കുറിക്കുവാൻ ഐ വി ശശി കാണിച്ച ധൈര്യം ഇന്നോളം മലയാള സിനിമയിലെ മറ്റൊരു സംവിധായകന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഐ വി ശശിയുടെ നിർബന്ധത്തിന് ആദ്യം വഴങ്ങാതിരുന്ന ഉമ്മർ പിന്നീട് നായകനാവാൻ സമ്മതിക്കുകയായിരുന്നു. ശ്രീവിദ്യ മാത്രമായിരുന്നു ചിത്രത്തിൽ അറിയപ്പെടുന്ന നടിയായി തിളങ്ങിയത്. സോമൻ, രാഘവൻ, സുകുമാരൻ തുടങ്ങി ചെറിയ റോളുകൾ ഒതുങ്ങിനിന്നിരുന്ന താരങ്ങൾ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയർന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു.
പിന്നീട് സ്വതന്ത്ര സംവിധായകനായ അദ്ദേഹം,തൃഷ്ണ എന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി എടുക്കുകയുണ്ടായി. തൃഷ്ണയിലെ മമ്മൂട്ടിയുടെ അഭിനയം അദ്ദേഹത്തെ സ്വാധീനിക്കുകയും അഹിംസ എന്ന അടുത്ത ചിത്രത്തിൽ അദ്ദേഹത്തെ തന്നെ വീണ്ടും നായകനാക്കുകയും ചെയ്തു. മോഹൻലാലായിരുന്നു ചിത്രത്തിൽ വില്ലൻ. മമ്മൂട്ടിയും മോഹൻലാലിനെയും ഒരുമിച്ച് അഭിനയിപ്പിച്ച ആദ്യ സംവിധായകനായി ഐ വി ശശി മാറി. തൻറെ ചിത്രത്തിലെ ആദ്യ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു എങ്കിലും അദ്ദേഹം തന്നെ പറയുന്നു,തന്നെ സ്വാധിനിച്ച ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണെന്ന്.
ഐ വി ശശി എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിനയിക്കുക എന്നത് നാച്ചുറൽ ആയിരിക്കണം. അങ്ങനെ ചെയുന്ന താരത്തിന് ഒരേ ഒരു ഉദാഹരണം മാത്രമേ ഉള്ളൂ. അത് മോഹൻലാൽ ആണെന്ന് ഇതിനു മുൻപ് ഒരു പൊതുവേദിയിൽ ഐവി ശശി തന്നെ വ്യക്തമാക്കുകയുണ്ടായി. സെറ്റിൽ ഒരിക്കലും അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നിയിട്ട് ഇല്ലെന്നാണ് ഐവി ശശി വ്യക്തമാക്കിയിരിക്കുന്നത്. നാളുകൾക്കു ശേഷം ഐ വി ശശിയുടെ വേർപാട് മലയാളസിനിമയിൽ വലിയ ഒരു വിടവ് സൃഷ്ടിക്കുമ്പോഴും മോഹൻലാലിനെ പറ്റി അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.