
”എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു, ഒരിക്കലും അത് നികത്താൻ കഴിയില്ല”: കെഎസ് ചിത്ര
സ്നേഹിച്ച് കൊതിതീരും മുൻപേ തന്നെ വിട്ട് പോയ മകളുടെ പിറന്നാൾ ദിനത്തിൽ കണ്ണീരോർമ്മകളുമായി ഗായിക കെഎസ് ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്കിലൂടെയാണ് അകാലത്തിൽ പൊലിഞ്ഞുപോയ മകളുടെ പിറന്നാൾ ഓർമ ചിത്ര പങ്കുവെച്ചത്. മകൾ അവശേഷിപ്പിച്ചുപോയ വിടവ് ഒരിക്കലും നികത്താനാകില്ലെന്ന് ചിത്ര നൊമ്പരത്തോടെ എഴുതി.
എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ നന്ദനാ’ എന്നാണ് ചിത്രയുടെ കുറിപ്പ്. ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
മകളുടെ എല്ലാ പിറന്നാളിലും ഓർമ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേരാണ് ചിത്രക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത്.
വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾക്കുശേഷമാണ് ചിത്രയ്ക്കും വിജയശങ്കറിനും നന്ദന എന്ന മകൾ ജനിക്കുന്നത്. കുട്ടിക്ക് ഡൗൺ സിൻഡ്രോം ഉണ്ടായിരുന്നു. 2011ഏപ്രിലിൽ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്. എട്ടുവയസിലാണ് ചിത്രക്ക് തന്റെ മകളെ നഷ്ടമായത്.