“അച്ഛനാകാൻ പോയ ഞാൻ സെമിനാരിയിൽ നിന്ന് മതിൽ ചാടിയത് ആ മൂന്ന് കാരണങ്ങൾ കൊണ്ട്” ; അലൻസിയർ
മലയാള സിനിമ, ടെലിവിഷൻ, നാടകം എന്നീ നിലകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടക അഭിനയം ആരംഭിച്ച ഇദ്ദേഹം അക്കാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് നേതാജി തിയേറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമ്മച്ച്വർ നാടക രംഗത്തേക്ക് കടന്നു. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സിപി കൃഷ്ണകുമാറിന്റെ നാടക സംഘം, നാരായണ പണിക്കരുടെ സോപാനം നാടക സംഘത്തിലും കെ രഘുവിന്റെ നാടകയോഗ നാടക സംഘത്തിലും പ്രവർത്തിച്ചു. ടെലിവിഷൻ സിനിമ രംഗത്തേക്ക് വരുന്നത് വരെ നാടക സംഘങ്ങളിൽ സജീവമായിരുന്നു.
1998 ലെ ദയ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലും സമൂഹത്തിലെ പ്രശ്നങ്ങളോട് ഒറ്റയാൾ പോരാട്ടങ്ങൾ നടത്തിയിരുന്നു. മീറ്റ് ടു ക്യാമ്പയിന്റെ ഭാഗമായി നടി ദിവ്യ ഗോപിനാഥ് അലൻസിയറിനെതിരെ മോശം അനുഭവമുണ്ടായി എന്ന് തുറന്നുപറച്ചിൽ നടത്തിയിരുന്നു. ആഭാസം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയായിരുന്നു താരം ലൈംഗിക അതിക്രമം നടത്തിയത്. അലൻസിയർ വളരെ മോശമായി പെരുമാറി എന്നും പലതവണ പലരീതിയിൽ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള കാര്യങ്ങൾ ആയിരുന്നു ദിവ്യ വെളിപ്പെടുത്തിയത്.
താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ എന്നും താരം പറഞ്ഞു. ഇതേ തുടർന്ന് അലൻസിയറിനൊപ്പം ചെയ്യാൻ ഉദ്ദേശിച്ച സിനിമ ക്യാമറമാൻ ഷാജി പട്ടണം വേണ്ടെന്നു വെച്ചിരുന്നു. ഇവയ്ക്കൊക്കെ പുറമേ വ്യത്യസ്തമായ ജീവിത യാത്രകളിലൂടെയും താരം സഞ്ചരിച്ചിട്ടുണ്ട്. സ്വന്തം നിർബന്ധത്തിൽ പള്ളിയിൽ അച്ഛൻ ആകാൻ പോയ അദ്ദേഹം ഒരു വർഷത്തിനുശേഷം അവിടെ നിന്ന് ചാടുകയായിരുന്നു. ഇപ്പോൾ ആ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അലൻസിയർ. തന്റെ കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചും എല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്.” തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് ചെയ്ത വേഷം ഞാൻ ചെയ്യേണ്ടിയിരുന്നതാണ്. ഓരോ അരിമണിയിലും ഓരോരുത്തർക്ക് ഉള്ളത് എഴുതിയിട്ടുണ്ട് എന്ന് പറയുന്നതുപോലെയാണ്.
എന്നോട് കഥ പറഞ്ഞതാണ്. കുറേക്കാലം കഴിഞ്ഞപ്പോൾ ഞാൻ മറ്റു സിനിമകളിലേക്ക് അങ്ങനെ മാറിപ്പോയതാണ്. എനിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. നഷ്ടമായതിന്റെ പേരിൽ സങ്കടം ഉള്ള സിനിമകൾ ഒന്നുമില്ല. കിട്ടിയതിൽ എല്ലാം സന്തോഷമേയുള്ളൂ. എനിക്ക് പത്മരാജൻ, ഭരതൻ എന്നിവരുടെ സിനിമയിലൊക്കെ അഭിനയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഭരതൻ സാറിൻറെ മകൻറെ സിനിമ ചെയ്യാൻ പറ്റി. ലളിത ചേച്ചിക്കൊപ്പം രണ്ട് സിനിമകളും ചെയ്തു. തൊണ്ടിമുതൽ എന്ന സിനിമയിൽ ആദ്യത്തെ കാസ്റ്റിംഗ് സുധീർ കരമനയും ഇന്ദ്രൻസ് ഒക്കെയായിരുന്നു. അതാണ് പിന്നീട് എന്നിലേക്ക് എത്തിയത്. എനിക്ക് എന്റേതായ ഭ്രാന്തുകൾ ഉണ്ട്. അതെല്ലാം സഹിക്കുന്ന ഒരു കുടുംബവുമുണ്ട്. എന്റെ ഭ്രാന്തിന് പിന്തുണ നൽകുന്ന ആളാണ് ഭാര്യ.
എനിക്ക് ഭ്രാന്ത് കൂടുമ്പോൾ ചിലപ്പോൾ ഭാര്യക്കും ഭ്രാന്ത് ആകും. അത് പകരുമെന്ന് സംശയം വേണ്ടല്ലോ.. ഞാൻ സെമിനാരിയിൽ പോയിട്ടുണ്ട്. ഒരു വർഷം. അച്ഛൻ സെമിനാരിയിൽ പോയിട്ട് ളോഹ ഇടാൻ ആയപ്പോൾ അമ്മയെ പ്രേമിച്ച് കെട്ടിയ ആളാണ്. അതുകൊണ്ട് അച്ഛന് താല്പര്യമില്ലായിരുന്നു. എൻറെ ആഗ്രഹത്തിൽ പോയതാണ്. അമ്മൂമ്മ സപ്പോർട്ട് ആയിരുന്നു. അങ്ങനെ പോയി. അവിടെ മുണ്ടും ഷർട്ടും ആയിരുന്നു വേഷം.അതിട്ട് സ്കൂളിൽ പോകണം. ക്ലാസിലെ ഒരു വികൃതി പയ്യൻ ബെഞ്ചിൽ മഷി കുടഞ്ഞിട്ട് മുണ്ട് വൃത്തികേടാക്കും. മടക്കി കുത്താൻ പോലും പറ്റില്ല. പിന്നെ പ്രാർത്ഥന ഇംഗ്ലീഷിൽ ചൊല്ലണം. അതും എനിക്ക് വശം ആകുന്നില്ല. സ്പൂൺ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. അതും പാത്രത്തിൽ തട്ടി ശബ്ദം കേൾക്കാൻ പാടില്ല. ഈ മൂന്ന് കാരണങ്ങൾ കൊണ്ട് ഞാൻ പള്ളിയിലെ അച്ഛൻ ആകേണ്ട എന്ന് തീരുമാനിച്ചു”.