“ഞാൻ പറഞ്ഞത് ജാതീയത അല്ല, എൻറെ വ്യക്തിപരമായ അഭിപ്രായമാണ്”: ഉണ്ണി മുകുന്ദൻ
അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായ മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം ഇതുവരെ ബോക്സ് ഓഫീസ് കളക്ഷൻ എല്ലാം മറികടന്ന് വീണ്ടും മുന്നിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് റിലീസ് ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യം ദിനം മുതൽ തന്നെ പോസിറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബപ്രേക്ഷകരും ധാരാളമായിരുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുൻപേ മുതൽ തന്നെ വളരെ മോശം കമൻറുകൾ ആയിരുന്നു ചിത്രത്തിന് ചുറ്റിപ്പറ്റി ഉയർന്നുവന്നിരുന്നത്.
എന്നാൽ അതെല്ലാം ഉണ്ണിമുകുന്ദൻ തള്ളിക്കളയുകയും ചിത്രം കണ്ട് ഇറങ്ങിയ പ്രേക്ഷകർ ഓരോരുത്തരും ചിത്രത്തെ നെഞ്ചോട് ചേർക്കുകയും ആയിരുന്നു. ദേശീയതയെ കുറിച്ചുള്ള തൻറെ നിലപാട് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അത് തനിക്ക് വേദനിക്കും എന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവന ആയി കരുതുന്നില്ല എന്നും താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാകണമെന്നും ഇന്ത്യ പാകിസ്ഥാൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുകയുണ്ടായി. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ: “ഒരാളുടെ ദേശീയതയും രാഷ്ട്രീയ ബോധവും ഒക്കെ അയാളുടെ ജാതിയും മതവും വെച്ച് നിർണയിക്കുന്ന പ്രവണതയെ ഞാൻ ഒരിക്കലും അനുകൂലിക്കുന്നില്ല.
അത്തരം ഒരു കാര്യത്തിന് കൂട്ടുനിൽക്കുകയും ഇല്ല. ദേശീയതയെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. പക്ഷേ അതേക്കുറിച്ച് വിശദീകരണം ഒന്നും ഞാൻ ഇതുവരെ കൊടുത്തിട്ടില്ല. ഞാനുമായി ആരെങ്കിലും തെറ്റിയാലോ വഴക്ക് ഉണ്ടായാൽ പോലും ഞാൻ അത് തിരുത്താൻ പോകാറില്ല. മാളികപ്പുറം ചിത്രം അയ്യപ്പഭക്തന്മാരെ ഒരേപോലെ രോമാഞ്ചം കൊള്ളിക്കുന്നതായിരിക്കും എന്ന് ചിത്രം റിലീസിന് എത്തുന്നതിന് മുൻപേ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അത് ശരിയാവുകയും ആയിരുന്നു. ഞാനെൻറെ രാഷ്ട്രീയ നിലപാട് ഒന്നും പറഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ രാജ്യത്തോടുള്ള എൻറെ ഇഷ്ടത്തെയും ആത്മാർത്ഥതയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്.
ഒരു ദേശീയ വാദ പ്രത്യയശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് ആണോ എന്ന് ചോദിച്ചാൽ ഇതുവരെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ചിലർ ആഗ്രഹിച്ചത് ഞാൻ പറഞ്ഞിട്ടുണ്ടാകില്ല. ചെയ്തിട്ടും ഉണ്ടാകില്ല. അത് ഓരോരുത്തരുടെയും വ്യക്തി താൽപര്യങ്ങളെയും ശരിതെറ്റുകളെയും അടിസ്ഥാനമാക്കി ആണല്ലോ. അങ്ങനെയാണെങ്കിൽ പല രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ക്യാമ്പയിൻ നടത്തിയ എത്രയോ നടന്മാർ നമ്മുടെ നാട്ടിലുണ്ട്. അവർക്കൊന്നും ഒരു ചോദ്യവും നേരിടേണ്ടി വരുന്നുമില്ല”.