ചക്കൊച്ചനെ പോലും കടത്തിവെട്ടിയ പ്രകടനം കാഴ്ചവച്ച രസികനായ മജിസ്ട്രേറ്റ് ദാ ഇവിടെയുണ്ട്…
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരു ചിത്രമാണ് ന്നാ താൻ കേസു കൊട് എന്ന ചിത്രം. ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനവും അതോടൊപ്പം ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റിൽ എത്തിയ വിവാദവും ഒക്കെയാണ് ചിത്രത്തെ പ്രശസ്തമാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു ചിത്രം 25 കോടി ക്ലബ്ബിൽ എത്തിയെന്ന് അറിയിച്ചിരുന്നത്. നിറഞ്ഞ സദസ്സുകളിൽ വലിയ സ്വീകാര്യതയോടെ പ്രദർശനം ആരംഭിക്കുന്ന ചിത്രത്തിൽ കൊഴുമ്മെൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ ജീവിക്കുകയായിരുന്നു എന്ന് എല്ലാവരും ഒരേപോലെ പറയുന്നുണ്ട്.
നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി തന്നെ ഇത് മാറും എന്നാണ് എല്ലാവരും പറയുന്നത്. തമിഴ് നടിയായ ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. സിനിമയിൽ ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അത്തരത്തിൽ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് കോടതി മജിസ്ട്രേറ്റ് ആയി എത്തിയ കഥാപാത്രം. ഒരുപക്ഷേ സിനിമയിൽ കുഞ്ചാക്കോ ബോബനോളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു എന്ന് പറയുന്നതാണ് സത്യം. സിനിമയുടെ പകുതിയിലധികം രംഗങ്ങളും നടക്കുന്നത് കോടതിക്കുള്ളിൽ തന്നെയാണ്. രസികനായ ഒരു മജിസ്ട്രേറ്റിനെ ആണ് ഇവിടെ കാണാൻ സാധിച്ചിരിക്കുന്നത്. മജിസ്ട്രേറ്റിന്റെ സംസാരവും മാനറിസങ്ങളും ഒക്കെ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു.
കാസർകോട് സ്വദേശിയായ പി പി കുഞ്ഞികൃഷ്ണൻ ആണ് മജിസ്ട്രേറ്റിന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്. നടന്റെ ആദ്യ സിനിമ കൂടിയാണ് ഇതെങ്കിലും വളരെ പ്രൊഫഷണലായി തന്നെയാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനൊരു കാരണമുണ്ട് താരം ഒരു നാടക നടനാണ് എന്നതാണ് അതിന്റെ പ്രധാനപ്പെട്ട കാര്യം. കാസർഗോഡ് തടിയൻകൊവ്വൽ വാർഡിലെ മെമ്പർ കൂടിയാണ് അദ്ദേഹം. ഉദിനൂർ സെൻട്രൽ സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ചതിനുശേഷം നാട്ടിലെ നാടക സമിതികളുടെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
മറിമായം സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഉണ്ണിരാജ് വഴിയാണ് കുഞ്ഞികൃഷ്ണൻ ഈ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കുഞ്ഞികൃഷ്ണൻ ആദ്യം സമ്മതം മൂളിയിരുന്നില്ല അഭിനയിക്കാൻ. ഉണ്ണിരാജയുടെ നിർബന്ധം കൊണ്ടാണ് ഫോട്ടോ അയച്ചുകൊടുത്തത് പോലും. ഓഡിഷൻ കഴിഞ്ഞപ്പോൾ സെലക്ട് ആവുകയും ചെയ്തു. ചാക്കോച്ചൻ അടക്കമുള്ള എല്ലാവരും തന്നോട് നല്ല രീതിയിൽ തന്നെ സഹകരിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.