“അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ് ” : ‘ബറോസ്’ കണ്ട ഹരീഷ് പേരടി പറയുന്നു
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.
“അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന ഭൂതം ലോക സിനിമയ്ക്ക് സമ്മാനിക്കുന്നത്.. മലയാളത്തിന്റെ നിധി”, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് റിലീസ് തീയതി പലകുറി മാറ്റിവച്ചതിന് ശേഷം ഇന്ന് എത്തിയിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം.