നാലാം ആഴ്ചയിലും കുതിപ്പ് തുടർന്ന് ​ഗുരുവായൂർ അമ്പലനടയിൽ; പ്രദർശനം തുടരുന്നത് 190ലധികം തിയേറ്ററുകളിൽ
1 min read

നാലാം ആഴ്ചയിലും കുതിപ്പ് തുടർന്ന് ​ഗുരുവായൂർ അമ്പലനടയിൽ; പ്രദർശനം തുടരുന്നത് 190ലധികം തിയേറ്ററുകളിൽ

പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ നാലാം ആഴ്‍ചയിലും ആഗോളതലത്തിൽ പ്രദർശനം നടത്തുന്നത് 190ലധികം തിയറ്ററുകളിലാണെന്നത് വിജയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

കേരളത്തിൽ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തിൽ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകൾ ഹൗസ്‍ഫുളായാണ് പ്രദർശനം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

​ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ കോമഡി എന്റർടെയ്‍നർ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിഖിത വിമൽ, അനശ്വര രാജൻ, ജ​ഗദീഷ്, രേഖ, സിജു സണ്ണി, തെന്നിന്ത്യൻ താരം യോ​ഗി ബാബു, ബൈജു സന്തോഷ്, സാഫ്, പിപി കുഞ്ഞികൃഷ്ണൻ, മനോജ് കെയു, ഇർഷാദ് അലി, രമേഷ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.