മലയാളത്തിന്റെ 1000 കോടി തികയ്ക്കാൻ ടർബോ ജോസും ആനന്ദേട്ടനും; മേയ് മാസത്തിലെ വൻ ചിത്രങ്ങൾ
2024 ജനുവരി മുതൽ ഇങ്ങോട്ട് മലയാള സിനിമയ്ക്ക് നല്ല കാലമാണ്. ഇറങ്ങുന്ന ചിത്രങ്ങളിൽ 95 ശതമാനം ഹിറ്റാവുകയാണ്. നൂറ് കോടി ചിത്രങ്ങൾ അടക്കം സംഭവിച്ച വർഷമാണിത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം അടക്കം സംഭവിച്ചത് ഈ വർഷമാണ്. ഒരു വർഷം 1000 കോടിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യയിലെ അപൂർവ്വം സിനിമ മേഖലകളിൽ ഒന്നായി മലയാള സിനിമ മാറുന്ന വർഷം കൂടിയാകും 2024 എന്ന് ഉറപ്പാണ്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 985 കോടിയോളം രൂപ ഗ്രോസ് കളക്‌ഷൻ മലയാള സിനിമ ഇതിനകം നേടി കഴിഞ്ഞു. മെയ് മാസം രണ്ടാം പാദത്തിൽ വീണ്ടും വലിയ റിലീസുകൾ മലയാളത്തിൽ എത്താനുണ്ട്. അതിനാൽ തന്നെ ഈ മാസം അവസാനത്തിനുള്ളിൽ 1000 കോടി മലയാളം തികയ്ക്കും എന്ന് വേണം കരുതാം.
മെയ് 16 ന് ഇറങ്ങുന്ന ഗുരുവായൂർ അമ്പല നടയിൽ പിന്നാലെ എത്തുന്ന ടർബോ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളം 1000 കോടി പിന്നിടും എന്ന പ്രതീക്ഷ വയ്ക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ഒരു ആക്ഷൻ ചിത്രമാണ്. മമ്മൂട്ടി ചിത്രം എന്ന നിലയിൽ മികച്ച ഇനീഷ്യൽ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പൃഥ്വിരാജ്, ബേസിൽ, അനശ്വര, വിമല അടക്കം വൻതാര നിരയുമായി എത്തുന്ന ഗുരുവായൂർ അമ്പല നടയിൽ ഒരു കോമഡി ഫാമിലി എൻറർടെയ്നറാണ്.
അപ്രതീക്ഷിത ഹിറ്റായ ജയ ജയ ജയ ഹേ യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ മികച്ച കളക്ഷൻ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്. സാക്നിൽ.കോം കണക്ക് പ്രകാരം ഈ വർഷം 61 സിനിമ ഇറങ്ങിയ മലയാളത്തിലെ ഇന്ത്യ നെറ്റ് കളക്ഷൻ 494.73 കോടിയാണ്. സ്ട്രൈക്ക് റൈറ്റ് നോക്കിയാൽ മലയാള സിനിമ വളരെ മുന്നിലാണ്. തമിഴ് സിനിമ പോലും അഞ്ച് മാസത്തിൽ 286 കോടി മാത്രമാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്.
അതേ സമയം ഹിന്ദി കഴിഞ്ഞാൽ ആഗോള കളക്ഷനിൽ മലയാളമാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻസിനിമയിൽ 2024-ലെ ഗ്രോസ് കളക്‌ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയിൽനിന്നാണ് എന്നതും മലയാള സിനിമയുടെ വളർച്ച കാണിക്കുന്നു.