കരിയറില്‍ ആദ്യമായി അത്തരമൊരു റോളില്‍ മമ്മൂട്ടി..!!! ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്
1 min read

കരിയറില്‍ ആദ്യമായി അത്തരമൊരു റോളില്‍ മമ്മൂട്ടി..!!! ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്

പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് മലയാളത്തിന്റെ, മലയാളികളുടെ സ്വന്തം മമ്മുക്കയ്ക്ക്. മലയാള സിനിമയുടെ നിത്യ യൗവനം എന്നാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ കുറിച്ച് ആരാധകർ പറയുന്നത്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നും, നിങ്ങളോട് തോന്നുന്ന അസൂയക്ക് കൈയ്യും കണക്കുമില്ലെന്നും ചിലർ അദ്ദേഹത്തിന്റെ യൗവനം തുളുമ്പുന്ന ചിത്രങ്ങൾക്ക് കമന്റുകൾ പങ്കിടാറുണ്ട്. താരപരിവേഷത്തിനപ്പുറത്ത് തന്നിലെ നടന് പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ അവസരം നല്‍കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം സമീപകാലത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളിലും അങ്ങനെ തന്നെ. ഇപ്പോഴിതാ ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഫസ്റ്റ്ലുക്ക് തികച്ചും വ്യത്യസ്തമായി തന്നെയാണ്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികകല്ലാകും ഈ സിനിമയെന്നാണ് ആരാധകർ കമൻ്റ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി എന്ന വാചകം പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം പോസ്റ്റർ പുറത്തു വിടുന്ന കാര്യം അറിയിച്ചത്. വിശ്വ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെര്‍ലക് ഹോംസ് ഒരു കൃതിയില്‍ പറയുന്ന വാചകമാണ് ഇത്. ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ദി അഡ്വഞ്ചര്‍ ഓഫ് ദി ബ്ലൂ കാര്‍ബങ്കിള്‍ എന്ന ചെറുകഥയിലാണ് ഈ വാചകമുള്ളത്.

ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആണ് ഈ ചിത്രമെന്ന് നേരത്തെ സൂചനകള്‍ എത്തിയിരുന്നു. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നതെന്നും. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ഇത്തരത്തിലൊരു സൂചന തങ്ങളുടെ ഒരു ഒഫിഷ്യല്‍ പബ്ലിസിറ്റി മെറ്റീരിയലില്‍ ഉള്‍പ്പെടുത്തുന്നത്. സംവിധായകനായി ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടന്‍ പാക്കപ്പ് ആവും.