
“മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു ” ; ഗൗതം മേനോൻ
കഴിഞ്ഞ കുറേയേറെയായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
“തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ഓഗസ്റ്റ് 1 തുടങ്ങിയ സിനിമകൾ കണ്ടപ്പോൾ മുതൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം തന്നെ നിർമ്മിച്ച സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ സാധിച്ചു. ജീവിതത്തിലും മാജിക്കിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്ന ആളാണ് ഞാൻ”, എന്നാണ് ഗൗതം മേനോൻ കുറിച്ചത്. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്.
ഗൗതം മേനോന്റെ ആദ്യ മലയാള സംവിധാനമായത് കൊണ്ടുതന്നെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാണുന്നത്. 2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് കൂടിയാണിത്. മമ്മൂട്ടിയ്ക്കൊപ്പം ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നിർമിക്കുന്നത്.