‘ചില യൂട്യൂബര്‍മാര്‍ക്ക് പിന്നില്‍ ഗൂഢ സംഘം, കാശുകൊടുത്താല്‍ സിനിമ നല്ലതെന്ന് പറയും’ ;കെബി ഗണേഷ് കുമാര്‍
ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കുവാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയെയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയേറ്ററില്‍ കയറ്റി ഇവരെ കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢസംഘം ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം, ചില ഗൂഢസംഘം ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം. ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി നടന് പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്നേഹത്തോടെ നല്കിയ അംഗീകാരമായി താനിതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസിഎച്ച് ഡിജിറ്റല്‍സര്‍വ്വീസിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് ഗണേഷ് കുമാര്‍ വിസ ഏറ്റു വാങ്ങിയത്.
അതേസമയം, ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷത്തെ പോലെ താന്‍ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്നും ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരെയല്ല തന്റെ വിമര്‍ശനമെന്നും, സംവിധാനത്തിലെ പോരായ്മകളെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.