മലയാള സിനിമയ്ക്ക് അഭിമാന നേട്ടം! ഫോര്‍ബ്സ് പട്ടികയില്‍ മികച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ട് മലയാള സിനിമകള്‍
ഈ വര്‍ഷം ഒട്ടേറെ നല്ല സിനിമകളാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. കൊറോണ എന്ന മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചലച്ചിത്ര മേഖലയെയാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍, മലയാള ഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു. എന്നാല്‍ കൊറോണ കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. വിവിധ ഭാഷകളിലായി ഇറങ്ങിയത് മികച്ച ചിത്രങ്ങളായിരുന്നു.
ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിരിക്കുകയാണ്. ഫോര്‍ബ്സ് മാസികയാണ് ചിത്രങ്ങളുടെ പേര് പുറത്തുവിട്ടിരിക്കുന്നത്. ഒന്ന് മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്കും’, രണ്ട് കുഞ്ചാക്കോ ബോബന് നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവുമാണ്. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. കുഞ്ചാക്കോ വേറിട്ട ഗെറ്റപ്പില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്. ഈ നേട്ടം മലയാളികളെ സംബന്ധിച്ചും, സിനിമാ പ്രേമികളെ സംബന്ധിച്ചും സന്തോഷകരമായ വാര്‍ത്ത തന്നെയാണ്.
അതേസമയം, രാജമൗലിയുടെ ആര്‍ആര്‍ആര്‍, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, ദ സ്വിമ്മേര്‍സ്, സായ് പല്ലവിയുടെ ഗാര്‍ഖി, എവരിതിങ് എവരിവെയര്‍ ആള് അറ്റ് ഒണ്‍, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിന്‍ഡര്‍ സ്വിന്ഡ്ലര്, ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് റോഷാക്ക്. നിയോ-നോയര്‍ സൈക്കോളജിക്കല്‍ സൂപ്പര്‍ നാച്ചുറല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, ഷറഫുദ്ദീന് , ജഗദീഷ് , ഗ്രേസ് ആന്റണി , ബിന്ദു പണിക്കര്‍ , കോട്ടയം നസീര്‍ , സഞ്ജു ശിവറാം , ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
അതുപോലെ, രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ഗായത്രീ ശങ്കറും പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നത്. സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്. ആക്ഷേപഹാസ്യ മലയാള ചലച്ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയ ചിത്രമായിരുന്നു ഇ്ത.