മലപ്പുറത്ത് പന്ത് തട്ടി മോഹന്‍ലാല്‍ ; വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് വൈറല്‍
മറ്റൊരു ഫുട്ബോള്‍ ലോകകപ്പ് കൂടി പടിവാതിക്കല്‍ എത്തിനില്‍ക്കുകയാണ്. ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയില്‍ ആറാടാന്‍ ഒരുങ്ങമ്പോള്‍ ഇത്തവണ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ദോഹയില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സുപ്രിം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്.
കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ലോകകപ്പിന് മല്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ.മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമത്തോടുള്ള ആദരമായിട്ടാണ് ഗാനമൊരുക്കിയതെന്ന് ദോഹയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പറയുകയുണ്ടായി. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്.
അതേസമയം ബറോസ് മോഹന്‍ലാലിന്റേ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്നിവയാണ്. കൂടാതെ അണിയറയില്‍ മറ്റ് നിരവധി ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.