‘അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാക്കും’ മകൻ വിജയ് കേസ് കൊടുത്ത വിഷയത്തിൽ പിതാവ് ചന്ദ്രശേഖർ പ്രതികരിക്കുന്നു
സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ തമിഴ് സൂപ്പർതാരം വിജയ് ചെന്നൈയിലെ കോടതിയിൽ പരാതി നൽകിയത് ആരാധകരെയും പൊതുജനങ്ങളെയും ഒരേപോലെ ഞെട്ടിച്ച സംഭവമാണ്. വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട ഈ വിഷയത്തിൽ മുഖ്യകാരണമായി കരുതപ്പെടുന്ന വിജയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ 9 ജില്ലകളിൽ ഒക്ടോബർ മാസം 6,9 എന്നീ തീയതികളിൽ ആയി തദ്ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഈ ഇലക്ഷനിൽ വിജയുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. നടക്കാനിരിക്കുന്ന ഇലക്ഷനിൽ വിജയുടെ പേരിലുള്ള പാർട്ടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കാനുള്ള അനുവാദം വിജയുടെ മാതാപിതാക്കൾ ആരാധകർക്ക് നൽകുകയും കൂടി ചെയ്തതോടെയാണ് വിജയ് പരാതിയുമായി കോടതിയെ സമീപിച്ചത്. തന്റെ അനുവാദമില്ലാതെ ഫാൻസ് അസോസിയേഷൻ രാഷ്ട്രീയപാർട്ടി ആയി പ്രഖ്യാപിച്ച പിതാവിന്റെ നടപടിയെ തള്ളിക്കളഞ്ഞുകൊണ്ട് വിജയ് ആ സമയത്ത് തന്നെ വേണ്ട നിർദ്ദേശങ്ങൾ ആരാധകർക്ക് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ നിയമപരമായി താരം മുന്നോട്ടു പോയത് ഏവരിലും വളരെ ആശ്ചര്യം ഉളവാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിവാദ വിഷയത്തിൽ വിജയ്യുടെ പിതാവ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
രാഷ്ട്രീയപരമായ മുതലെടുപ്പുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തെ ഒരു കുടുംബ പ്രശ്നമായി ലഘൂകരിക്കുന്ന തരത്തിലുള്ള വിശദീകരണമാണ് വിജയുടെ പിതാവിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രശ്നങ്ങളില്ലാത്ത കുടുംബം ഇല്ല എന്നാണ് വിജയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാക്കും കുറച്ചുകഴിയുമ്പോൾ അത് ശരിയാക്കുകയും ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വിജയുടെ സ്വകാര്യജീവിതം ഉപയോഗിച്ച് പണമുണ്ടാക്കുന്ന ചില യൂട്യൂബ് ചാനലുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. അത് സാരമില്ലത്ത ഒരു കാര്യമാണെന്നും തന്റെ മകന്റെ പേരിൽ അവർക്ക് കാഴ്ചക്കാരെ കിട്ടുന്നത് സന്തോഷമുള്ള ഒരു കാര്യമാണെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്ത വിജയിയെ വലിയതോതിൽ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.