ഡാ മോനേ ‘ആവേശം’ ഇരട്ടിക്കുന്നു..!! തെന്നിന്ത്യന്‍ ടോപ്പ് 10 ബോക്സ് ഓഫീസിലേക്ക് ‘രംഗ’യും!
മലയാള സിനിമകളുടെ മാര്‍ക്കറ്റ് വളരുന്നതിന് ഏറ്റവും വലിയ തെളിവാണ് ചിത്രങ്ങള്‍ നേടുന്ന ഇനിഷ്യലില്‍ സമീപകാലത്ത് വന്ന വലിയ വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിപ്പിച്ച ഇന്‍ഡസ്ട്രി എന്ന പേര് മലയാളത്തിനാണ്. ആ വിജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ് വിഷുവിന് തിയറ്ററുകളിലെത്തിയ ചിത്രങ്ങളും. വിഷു റിലീസുകളിലെ വിന്നര്‍ ആയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പത്താം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആവേശം.
ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം 55 കോടിയിലേക്ക് എത്തിയതായി പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച് ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രം തെലുങ്ക് ചിത്രമായ ഹനു മാന്‍ ആണ്. 296 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്ത് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ്. 236 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.
മൂന്നാമത് മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരവും (175 കോടി) നാലാം സ്ഥാനത്ത് പൃഥ്വിരാജിന്‍റെ ആടുജീവിതവും (144 കോടി). അഞ്ചാം സ്ഥാനത്തും ഒരു മലയാള ചിത്രമാണ്. പ്രേമലു. നേട്ടം 136.25 കോടി. ആറാം സ്ഥാനത്ത് തെലുങ്ക് ചിത്രം ടില്ലു സ്ക്വയര്‍ (120 കോടി). ഏഴ്, എട്ട് സ്ഥാനങ്ങളില്‍ തമിഴ് ചിത്രങ്ങളായ അയലാനും ക്യാപ്റ്റന്‍ മില്ലറുമാണ്. യഥാക്രമം നേടിയത് 83 കോടിയും 75.3 കോടിയും. ഒന്‍പത്, 10 സ്ഥാനങ്ങളില്‍ വീണ്ടും മലയാള ചിത്രങ്ങളാണ്. 58.8 കോടി നേടിയ ഭ്രമയുഗവും 55 കോടി നേടിയ ആവേശവും. ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ മുന്നേറുകയാണ് ആവേശം. അതിനാല്‍ത്തന്നെ ഫൈനല്‍ ബോക്സ് ഓഫീസ് എത്രയായിരിക്കുമെന്ന് പ്രവചിക്കുക ഇപ്പോള്‍ അസാധ്യമാണ്.