വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു ; ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക്
മലയന്‍കുഞ്ഞ് ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. നാച്ചുറല്‍ ആക്ടിങ് കൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും, ട്രാന്‍സിലെ വിജു പ്രസാദുമടക്കം, മാലിക്കിലെ ആലിക്കയും അടക്കം ഫഹദ് ജീവന് നല്കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്.
ഫഹദിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദിന്റെ പിതാവ് ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും സിനിമാരംഗത്ത് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടി മലയന്‍കുഞ്ഞിന് ഉണ്ട്. മലയന്‍കുഞ്ഞ് ജൂലൈ 22 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഫഹദ് നായകനായെത്തുന്ന ഒരു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്. ട്രാന്‍സിനു ശേഷം ഫഹദിന്റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ലായിരുന്നു. സി യൂ സൂണ്‍, ജോജി, ഇരുള്, മാലിക് എന്നീ ഫഹദ് ചിത്രങ്ങള്‍ നേരിട്ട് ഒടിടി പ്ലാറ്റഫോം വഴിയായിരുന്നു റിലീസ് ചെയ്തിരുന്നത്.
കോവിഡ് കാലത്ത് ഓടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങളിലൂെട വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടാന്‍ ഫഹദിന് സാധിച്ചിരുന്നു. ഫഹദിന്റെ മറുഭാഷാ റിലീസുകളായ പുഷ്പയും വിക്രവും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. അതുകൊണ്ട് തന്നെ മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തുമ്പോള്‍ മികച്ച സ്വീകരണം തന്നെയായിരിക്കും ലഭിക്കുകയെന്നാണ് പൊതുവിലയിരുത്തല്‍. എആര്‍ റഹ്മാന് സംഗീതം പകരുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ് നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന് ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്. രജിഷ വിജയന് നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ് ചെയ്യുന്നത്. സെഞ്ചുറി റിലീസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.