അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി
1 min read

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇതോടെ മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. പാന്റും ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ഉള്ളത്. അതേസമയം, മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന റോഷാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേയുള്ള യാത്രയാണ് ഇത്. ഭീഷ്മപര്‍വ്വം, പുഴു, സിബിഐ 5- ദ ബ്രെയിന്‍ എന്നീ ചിത്രങ്ങളാണ് ഒടുവില്‍ പുറത്തിങ്ങിയ മമ്മൂട്ടിയുടെ സിനിമകള്‍.

അതുപോലെ മമ്മൂട്ടിയുടെ ഇനി തിയേറ്ററില്‍ എത്താനുള്ള ഒരു ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ആദ്യ ടീസര്‍ മാര്‍ട്ടില്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിനുറ്റും ആറ് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആദ്യ ടീസര്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഉറങ്ങുന്നതാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മുഷിഞ്ഞ കള്ളിമുണ്ടും ഷര്‍ട്ടുമണഞ്ഞാണ് മമ്മൂട്ടി ആദ്യ ടീസറില്‍ ഉള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് രണ്ടാം ടീസര്‍ പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഒരു നാടന്‍ ചാരായ ഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള സീന്‍ ആണ് രണ്ടാമത്തെ ടീസറില്‍ കാണാന്‍ സാധിക്കുക. ഒരു മിനിറ്റോളം നീളുന്ന ഒരു സിംഗിള്‍ സ്റ്റാറ്റിക് ഷോട്ട് ആണ് ടീസറില്‍ എന്നതും പ്രത്യേകതയാണ്. ‘മമ്മൂട്ടി കമ്പനി’ എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. എസ് ഹരീഷ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.