മലയാള സിനിമയില്‍ ഏറ്റവും സ്വാധീനിച്ച ചില സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ്
ഇന്ന് ലോക വനിതാ ദിനം. ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മള് ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മള് ആചരിക്കുന്നു. മുന്നിലെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തില്‍ മുന്നേറുന്നത്. നാല് ചുവരിനുള്ളില്‍ സ്ത്രീകള്‍ ഇരുന്നിരുന്ന കാലമൊക്കെ മാറി ഇന്ന് മര്‍മ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ് ഇരിക്കുന്നത്. തളിച്ചിടേണ്ടവര്‍ അല്ല സ്ത്രീകള്‍ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമകളില്‍ നിരവധി സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കി ചെയ്തിട്ടുണ്ട്. സ്ത്രീകഥാപാത്രത്തിന് മുന്‍തൂക്കം നല്കി ചെയ്ത സിനിമകളുണ്ട്. ഇപ്പോഴിതാ മികച്ച സ്ത്രീകഥാപാത്രങ്ങളെകുറിച്ചും അഭിനേതാക്കളെക്കുറിച്ചും സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് വനിതാദിനം ആയതുകൊണ്ട് മലയാള സിനിമയില്‍ എന്നെ ഏറ്റവും സ്വാധീനിച്ച ചില സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. ഇവരെക്കാള്‍ മികച്ച സ്ത്രീകഥാപാത്രങ്ങളും അഭിനേതാക്കളും അഭിനയ മുഹൂര്‍ത്തങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് ആയ കഥാപാത്രങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
1. വൈശാലി
MT യുടെ തൂലികയില്‍ ഭരതന് വരച്ചു തീര്‍ത്ത അത്ഭുത കാവ്യമാണ് വൈശാലി. വര്‍ഷങ്ങളായി മഴ പെയ്യാതെ വരണ്ടു കിടക്കുന്ന തന്റെ രാജ്യത്ത് മഴപെയ്യാനായി മഹാ തപസ്വിയായ ഋഷ്യശൃംഗനെ കൊണ്ടുവരാന്‍ പുറപ്പെട്ട വൈശാലി. ഒരൊറ്റ നിമിഷംകൊണ്ട് തന്നെ ഭസ്മമാക്കാന്‍ കഴിവുള്ള അയാളെ വൈശാലി അംഗരാജ്യത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നു… രാജാവിന് മറ്റൊരു സ്ത്രീയില്‍ ജനിച്ച മകളായിരുന്നിട്ട് കൂടി, സ്വന്തം ഭാര്യയില്‍ പിറന്ന മകളെ മുനികുമാരന് വിവാഹം ചെയ്തുകൊടുക്കുന്നു. മഴ കിട്ടിയതിന്റെ ആരവത്തില്‍ എല്ലാവരും നൃത്തം ചെയ്യുമ്പോള്‍ ഒടുക്കം അതിന്റെയിടയില്പെട്ടു മരണപെടാനായിരുന്നു അവളുടെ ദുര്‍വിധി…
2. അനു
സണ്‍ഡേ ഹോളിഡേയുടെ ആത്മാവ് തന്നെ അനുവാണ്… എല്ലാം നഷ്ടപെട്ട അമലിന്റെ ജീവിതത്തിനു പുതിയ വെളിച്ചവും ദിശാബോധവും നല്ക്കാന് അവള്‍ക്ക് സാധിച്ചു… ആദ്യത്തെ കുറെ സിനിമകളില്‍ തേപ്പു കിട്ടിയ നായകന്മാരുടെ അവസാനത്തെ അത്താണി ആയിരുന്നു അപര്‍ണ…മഹേഷിന്റെ പ്രതികാരത്തെക്കാള്‍ കുറച്ചുകൂടി അപര്‍ണക്ക് അഭിനയിക്കാന്‍ ഉണ്ടായിരുന്ന കഥാപാത്രം അനുവിന്റെതായിരുന്നു അതുകൊണ്ടാണ് അനുവിനെ ഇവിടെ ചേര്‍ത്തത്.
3. പ്രിയ
കസ്തൂരിമാന്‍ എന്ന സിനിമയില്‍ മീര ജാസ്മിന് ജീവിക്കുക ആയിരുന്നു… പ്രിയയുടെ എല്ലാത്തരം ഇമോഷന്‍സും സ്ക്രീനിലേക്ക് കൊണ്ടുവരാന്‍ മീരക്ക് കഴിഞ്ഞു. സാജനെ സപ്പോര്‍ട്ട് ചെയ്തു പഠിപ്പിച്ചു കളക്ടര്‍ വരെ ആക്കാന്‍ അവള്‍ക്കായി… മീരയെക്കാളും ഫാന്‍ ബേസ് ഉണ്ടാവും ആ സിനിമയിലെ പാട്ടുകള്‍ക്കും ബിജിഎംമിനും. ലോഹിതദാസിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നെന്നു നിസ്സംശയം പറയാം.
4. രാധ
ക്ലാരയുടെ നിഴലില്‍ പലപ്പോഴും മങ്ങിപോകാന്‍ ആയിരുന്നു രാധയുടെ വിധി… ക്ലാരയോടൊപ്പം തന്നെ എനിക്ക് രാധയും പ്രിയപ്പെട്ടതാണ്. ജയകൃഷ്ണന് ക്ലാരിലേക്ക് എത്തപ്പെടുന്നത് തന്നെ രാധയിലൂടെയാണ്. രാധ ഇല്ലെങ്കില്‍ ക്ലാര ഒരിക്കലും വരുമായിരുന്നില്ല. ക്ലാര പോയതിനുശേഷം എന്നും അയാള്‍ക്ക് കൂടെ ഉണ്ടായിരിക്കുക രാധ തന്നെ ആയിരിക്കും.
5. ക്ലാര
മലയാളത്തില്‍ ഏറ്റവും കാല്പനികമായും സുന്ദരമായും, അതെ സമയം, ഏറെ നിഗൂഡതകള്‍ നിറച്ചുകൊണ്ട് എഴുതപ്പെട്ട മഹത്തായ പാത്രസൃഷ്ടി ക്ലാരയുടേത് ആയിരിക്കും. പദ്മരാജന് തന്റെ തൂലികയില്‍ വിരിയിച്ചെടുത്ത മാന്ത്രിക സൃഷ്ടി.. അവളൊരു മായ ആണോന്നുപോലും പലപ്പോഴും എനിക്ക് സംശയം തോന്നാറുണ്ട്… ഇത്രയും സൗന്ദര്യത്തോടെ മറ്റൊരു സ്ത്രീയെയും ഞാന്‍ സ്ക്രീനില്‍ കണ്ടിട്ടില്ല…. ??
6. കല്യാണി
സു സു സുധീ വാത്മീകത്തിലെ കല്യാണി… അപര്‍ണ വരുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ തേപ്പ് കിട്ടിയ സുധിയെ ആശ്വസിപ്പിച്ച മുതല്‍. സുധിയുടെ വളര്‍ച്ചയുടെ ഓരോ സമയത്തും അവള് കൂടെ ഉണ്ടായിരുന്നു… ഒരു സുഹൃത്തായും പിന്നീട് പ്രണയമായുമൊക്കെ… മലയാളത്തിലെ ഒരു സ്ത്രീ നടത്തുന്ന ഏറ്റവും അപ്രതീക്ഷിതമായ പ്രൊപോസല്‍ സീനും കല്യാണിയുടേതാണ്…. സുധിയെ അത്രമാത്രം അവള്‍ക്ക് ഇഷ്ടമായിരുന്നു… പക്ഷെ ഒരിക്കല്‍ പോലും അവളുടെ കഥാപാത്രത്തില്‍ നിന്നും മാറുന്നുമില്ല…
7. ഭാനുമതി
നീലകണ്ഠനെ വെറുത്തും സ്നേഹിച്ചും അയാള്‍ക്കൊപ്പം പ്രാണന്റെ പാതിയായി കൂടെ നിന്നവള്‍… തന്റെ ഐഡന്റിറ്റി ഒരിടത്തും അടിയറവ് പറയാതെ തുടക്കം മുതല്‍ ഒടുക്കം വരെ അവള് തുടര്‍ന്നു. അല്ലാതെ ആറാം തമ്പുരാനിലെ ഉണ്ണിമായയെപ്പോലെ രണ്ടു പകുതിയിലും രണ്ടു വ്യത്യസ്ത കഥാപാത്രം ആയിരുന്നില്ല ഭാനുമതി…