‘എമ്പതുകളിലെയും തൊണ്ണൂറുകളിലെയും മോഹന്‍ലാലാണു ശരിക്കുള്ള മോഹന്‍ലാല്‍’ ; പ്രേക്ഷകന്റെ കുറിപ്പ്
മലയാളിയുടെ നായക സങ്കല്പ്പങ്ങളില് സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് മോഹന്‍ലാലിന് ഉള്ളത്. ഒരിക്കലെങ്കിലും അദ്ദേഹം പറഞ്ഞ ഡയലോഗുകളില്‍ ഏതെങ്കിലും ഒന്ന് പറയാത്ത മലയാളി ഉണ്ടാകില്ല. ഓരോ കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോഴും അത് അത്ര മനോഹരമായാണ് പ്രേക്ഷകര്‍ ആസ്വദിക്കുന്നത്. ലാലേട്ടന് എന്ന് പ്രായഭേധമന്യേ ആരാധകര്‍ വിളിക്കുന്നത് അവരില്‍ ഒരാളായി മാറാന്‍ മോഹന്‍ലാലിന് തന്റെ അഭിനയം കൊണ്ട് കഴിഞ്ഞു എന്നതുകൊണ്ടാണ്. മോഹന്‍ലാലിന്റെ ഏറ്റവംു ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് മോണ്‍സ്റ്റര്‍. പുലിമുരുകന് എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. വളരെ ലൈറ്റായി തുടങ്ങി, പിന്നീടങ്ങോട് അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ പഴയ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്ന് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ജോസ് ജോസഫ് കൊച്ചുപറമ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ പ്രായക്കാരായ മോഹന്‍ലാല്‍ ആരാധകരില്‍ അധികവും’പഴയ മോഹന്‍ലാല്‍’ ആരാധകരായിരിക്കണം. എമ്പതുകളിലെയും തൊണ്ണൂറുകളിലെയും മോഹന്‍ലാലാണു ശരിക്കുള്ള മോഹന്‍ലാല്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍. ഇന്ന് കാണുന്ന മെഗാസ്റ്റാറിനേക്കാള് നല്ലത് അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്ന് നിരീക്ഷിക്കുന്നവര്‍. സത്യത്തില്‍, എന്താണിന്നത്തെ മോഹന്‍ലാലില്‍ മിസ്സിങ്ങ്? ദൈന്യത, നിസ്സഹായവസ്ഥ എന്നൊക്കെ ആലങ്കാരികമായും, നിവൃത്തികേട് എന്ന് കൊളോക്കിയലായും പറയാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയുണ്ടല്ലോ? അത് മോഹന്‍ലാലിനെപ്പോലെ മനോഹരമായി ആര്‍ക്കും മുഖത്ത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണു എന്റെ നിരീക്ഷണം. ദുഃഖവും നിരാശയും ഇച്ഛാഭംഗവുമൊക്കെ മമ്മൂട്ടിയും തകര്‍ക്കും, പക്ഷേ ഈ ദയനീയാവസ്ഥ എന്ന വികാരപ്രകടനത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു കേമന്‍.
ലാലേട്ടന്റെ സിനിമകളില്‍ മേല്‍പ്പറഞ്ഞ വിഭാഗക്കാര്‍ മിസ്സ് ചെയ്യുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ഈ വള്ണറബിളിറ്റിയാണെന്ന് ഞാന്‍ കരുതുന്നു. ഒരു സൂപ്പര്‍ സ്റ്റാറിന്റെ എല്ലാ പകിട്ടുകള്ക്കിടയിലും ആ താരത്തെ നമ്മളോട് കണക്റ്റ് ചെയ്തിരുന്ന മെയിന്‍ ഘടകം അതായിരുന്നു. അപ്പോഴെല്ലാം അയാള്‍ നമ്മളില്‍ ഒരാളാകുമായിരുന്നു. പുതിയ കാല മോഹന്‍ലാല്‍ സിനിമകളുടെ തിരക്കഥകളില്‍ അത്തരം സീനുകളില്ല. വെല്ലുവിളികളുണ്ട്, പക്ഷേ അതെല്ലാം മെഗാസ്റ്റാറിനു പുഷ്പം പോലെ സോള്‍വ് ചെയ്യാനും കഴിയുന്നുണ്ട്. അല്ലാതെ, സിനിമയിലെ ഒരു സഹകഥാപാത്രത്തിനു മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന ഒരു മോഹന്‍ലാലിനെ അങ്ങനെയധികം കാണാന്‍ കിട്ടാറില്ല. 20-20യില്‍ ഏതാനും മിനിറ്റുകളുണ്ട് പക്ഷേ നോക്കി നില്ക്കുമ്പോള് അതും കൈവിട്ട് പറന്ന് പോകും.
‘വിന്റേജ് മോഹന്‍ലാലിന്റെ തിരിച്ചുവരവ്’ എന്ന പേരില്‍ സ്ഥിരമായി തച്ചുകാശൊപ്പിക്കുന്ന സര്‍വ്വ ഉ.ക്രി.മാരും ചെയ്യേണ്ടത് അമ്മാതിരിയൊരു തിരക്കഥ ആ മനുഷ്യനു നല്‍കുക എന്നതാണ്. അല്ലാതെ ഞങ്ങളെപ്പോലെയുള്ളവര്‍ എവര്‍ഗ്രീന്‍ ക്ലാസിക്കുകളായി മനസ്സില്‍ സൂക്ഷിക്കുന്ന പഴയ ഹിറ്റുപടങ്ങളിലേയ്ക്ക് ചുമ്മാ അന്തോം കുന്തോമില്ലാത്ത റെഫറന്‍സുകള്‍ പുട്ടിന് പീര പോലെ ചേര്‍ത്ത പതിവ് ബോംബ് കഥകളുമായി വന്നാലൊന്നും ഞങ്ങള്‍ക്ക് നൊഷ്ടാള്‍ജിയ ഇളകില്ല… തിയേറ്ററില്‍ ബോറഡി മാറാന്‍ അധികം തിന്നുന്ന പോപ്പ്-കോണ്‍ കാരണം വേറേ വല്ലതും ഇളകിയാലായി. എന്നെക്കൊണ്ട് പറ്റുന്നത് ഞാനും ചെയ്യാമെന്ന് കരുതി. മമ്മൂട്ടിയെ മനസ്സില്‍ക്കണ്ട് എഴുതിത്തുടങ്ങിയിട്ട് മടി കാരണം പരണത്ത് വെച്ച തിരക്കഥ ഇനി മുതല്‍ , മോഹന്‍ലാലിനെ മനസ്സില്‍ക്കണ്ട് എഴുതിത്തുടങ്ങിയിട്ട് മടി കാരണം പരണത്ത് വെച്ച തിരക്കഥയായി മാറ്റുന്നതായിരിക്കും.