‘തെറ്റ് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരുടെ ബുദ്ധിയെപ്പോലും പലരും ചോദ്യം ചെയ്യാറുണ്ട്, അവിടെയാണ് പൃഥ്വിരാജ് വേറിട്ടുനിന്നത്’ ; വൈറലായി കുറിപ്പ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതേസമയം സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഭിന്നശേഷിക്കാരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെയും വേദനിപ്പിക്കുന്ന തരത്തിലും അവഹേളിക്കുന്ന രീതിയിലുമുള്ള സംഭാഷണമായിരുന്നു അത്. സംഭവം വിവാദമായതോടെ സംവിധായകന് ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ചും പൃഥ്വിരാജ് മാപ്പ് പറഞ്ഞത് മഹത്തരമായകാര്യമാണെന്നും കുറിച്ച് ഫെയ്സ്ബുക്കില്‍ സന്ദീപ് ദാസ് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ‘കടുവ’ എന്ന സിനിമയിലെ വിവാദ ഡയലോഗിനെ നിര്‍ദ്ദയം വിമര്‍ശിച്ചുകൊണ്ടുള്ള ഒരുപാട് ലേഖനങ്ങള്‍ താന്‍ വായിച്ചിരുന്നുവെന്നും അവ നൂറുശതമാനം ശരിയുമായിരുന്നുവെന്നും എന്നാല്‍ തെറ്റ് തിരുത്തിയ പൃഥ്വിരാജിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടുള്ള എഴുത്തുകള്‍ അധികമൊന്നും കണ്ടില്ലെന്നും പൃഥ്വി ഒരുപാട് പ്രശംസ അര്‍ഹിക്കുന്നു എന്നാണ് എന്റെ അഭിപ്രായമെന്നും കുറിപ്പില്‍ സന്ദീപ് പറയുന്നു.
സിനിമയിലെ സംഭാഷണത്തില്‍ ശരികേടുണ്ട് എന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും സംവിധായകന് ഷാജി കൈലാസും ക്ഷമാപണം നടത്തിയിരുന്നു. അപ്പോഴും പ്രശ്നം അവസാനിച്ചിരുന്നില്ല. ആ രംഗം സിനിമയില്‍നിന്ന് നീക്കം ചെയ്താല്‍ മാത്രമേ ഈ മാപ്പുപറച്ചിലിന് അര്‍ത്ഥമുണ്ടാകൂ എന്ന് കുറേപ്പേര് അഭിപ്രായപ്പെട്ടു. ചിലര്‍ വിവാദ ഡയലോഗിനെ ന്യായീകരിക്കുകയും ചെയ്തു. സിനിമകളില്‍ ”നന്മമരങ്ങളെ” മാത്രം ചിത്രീകരിച്ചാല്‍ മതിയോ എന്ന് പരിഹസിച്ചവരും കുറവായിരുന്നില്ലെന്നും സന്ദീപ് കുറിപ്പില്‍ വിശദീകരിക്കുന്നു.
ജൂലായ് 11-ന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പൃഥ്വി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കി. ആ സീന്‍ ഇനി പ്രേക്ഷകര്‍ കാണില്ല എന്ന് തറപ്പിച്ചുപറഞ്ഞു. പൃഥ്വിയുടെ പ്രസ്താവന ഇതായിരുന്നു- ”ആ ഡയലോഗ് പറയുന്നത് കടുവയിലെ നായകനാണ്. അത് സിനിമയുടെ കാഴ്ച്ചപ്പാടാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചാല്‍, അവരെ കുറ്റപ്പെടുത്താനാവില്ല. ആ സീന്‍ മാറ്റാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്…!” പൃഥ്വിയുടെ വാക്കുകളുടെ വ്യക്തതയും തെളിമയും എത്രമാത്രമാണെന്ന് ശ്രദ്ധിക്കുവാനും സന്ദീപ് പറയുന്നുണ്ട്.
ഇനി നമുക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കാം. ഒരു മലയാളസിനിമയ്ക്കെതിരെ ഇത്തരം പരാതികള്‍ വരുന്നത് ഇതാദ്യമായിട്ടാണോ? ഒരിക്കലുമല്ല. സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമെല്ലാം നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയ ഒരു സംഭാഷണത്തിന്റെ പേരില്‍ എത്ര അഭിനേതാക്കളും സംവിധായകരും മാപ്പ് പറഞ്ഞിട്ടുണ്ട്? ഒട്ടുമിക്ക സിനിമാക്കാരും വിമര്‍ശനങ്ങങ്ങളോട് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കാറുള്ളത്. തെറ്റ് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരുടെ ബുദ്ധിയെപ്പോലും അവര്‍ ചോദ്യം ചെയ്യാറുണ്ട്!
ചലച്ചിത്ര പ്രവര്‍ത്തകരുടെ കാര്യം വിടാം. തെറ്റ് സമ്മതിക്കുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. സ്വന്തം ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് നമുക്കിഷ്ടം.അവിടെയാണ് പൃഥ്വി വേറിട്ടുനിന്നത്. സോറി എന്ന വാക്ക് അയാള്‍ ഉപാധികളില്ലാതെ ഉച്ചരിച്ചു. പിഴവുകള്‍ മനുഷ്യസഹജമാണ്. അവ തിരുത്തുന്നതാണ് മഹത്തരമായ കാര്യം. ഒരു നല്ല സിനിമാ സംസ്കാരത്തിനുകൂടിയാണ് പൃഥ്വി തുടക്കംകുറിച്ചിട്ടുള്ളത്. എഴുതാനിരിക്കുന്ന തിരക്കഥാകൃത്തുക്കള്‍ ഇനി കൂടുതല്‍ ജാഗ്രത കാണിക്കും. പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ മറ്റ് ചലച്ചിത്രപ്രവര്‍ത്തകരും തയ്യാറാകും. അങ്ങനെ മലയാളസിനിമ സ്ഫടികംപോലെ തിളങ്ങും! ന്യായമായ ഒരു ആവശ്യത്തിനുവേണ്ടിയാണ് സോഷ്യല്‍ മീഡിയ പൃഥ്വിരാജിനെ കുരിശില്‍ തറച്ചത്. ഇപ്പോള്‍ ഒരു പൂച്ചെണ്ട് പൃഥ്വി അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാനുള്ള കടമ നമുക്കുണ്ടെന്നും കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.